മൂന്നാം ടെസ്റ്റ്: വില്യംസണ്‍ ടീമിനൊപ്പം യാത്ര ചെയ്യും, കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

വെല്ലിംഗ്ടണില്‍ ഫീല്‍ഡിംഗിനെ പരിക്കേറ്റുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ കെയിന്‍ വില്യംസണ് ഗ്രേഡ് 1 ടിയര്‍ ഉണ്ടെന്ന് സ്കാനിംഗില്‍ വ്യക്തമായി. ഇതോടെ താരം ക്രെസ്റ്റ്ചര്‍ച്ചിലെ മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. താരം ടീമിനൊപ്പം ക്രെസ്റ്റ്ചര്‍ച്ചിലേക്ക് യാത്രയാകുമെങ്കിലും ലോകകപ്പ് വരുന്നത് കണക്കിലെടുത്ത് താരത്തിന്റെ സുരക്ഷയ്ക്കാകും മുന്‍ഗണനയെന്നും കളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് അറിയിക്കുകയായിരുന്നു.

താരത്തിനു അവസാന മത്സരം കളിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും ലോകകപ്പ് പദ്ധതികളെ കണക്കിലെടുത്ത് ടീം മാനേജ്മെന്റ് കരുതലോടെയുള്ള സമീപനം മാത്രമാവും കൈക്കൊള്ളുക എന്നും സ്റ്റെഡ് അഭിപ്രായപ്പെട്ടു. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും വളരെ വേഗത്തില്‍ സുഖം പ്രാപിക്കേണ്ട ഒന്നുമാണ് എന്നാണ് സ്റ്റെഡിന്റെ വിലയിരുത്തല്‍.

അവസാന ടെസ്റ്റില്‍ വില്യംസണ്‍ കളിക്കുന്നില്ലെങ്കില്‍ വില്‍ യംഗിനു അരങ്ങേറ്റത്തിനുള്ള അവസരം ന്യൂസിലാണ്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.