ലോകകപ്പ് അവസരമെന്ന ആവശ്യം താന്‍ ഉന്നയിച്ചിട്ടില്ല, വിവാദം തോല്‍വിയുടെ ശ്രദ്ധ മാറ്റുവാനെന്ന് കരുതുന്നു

- Advertisement -

ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫാഫ് ഡു പ്ലെസിയുമായിയുള്ള ചര്‍ച്ചയില്‍ താന്‍ ആവശ്യമെങ്കില്‍ തന്റെ സേവനം ലഭ്യമാകുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. ആവശ്യമെങ്കില്‍ മാത്രമാണ് ഇതെന്ന് താന്‍ പറഞ്ഞിരുന്നു, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുന്നേയായിരുന്നു താന്‍ ഫാഫ് ഡു പ്ലെസിയുമായി ഈ ആശയവിനിമയം നടത്തിയത്. ഫാഫും താനും സ്കൂള്‍ കാലം തൊട്ട് വളരെ അടുത്ത സുഹൃത്തുക്കളാണ്, അതിനാലാണ് താന്‍ ഈ കാര്യം സംസാരിച്ചത്. അല്ലാതെ ഇപ്പോള്‍ പുറത്ത് വരുന്ന പോലെ താന്‍ ടീമിലേക്ക് തന്നെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരേയും സമീപിച്ചിട്ടില്ലെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

ടൂര്‍ണ്ണമെന്റിന് തൊട്ട് മുമ്പ് ടീമിലേക്ക് ഇടിച്ച് കയറണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും തന്നെ അത്തരത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് തനിക്ക് നിശ്ചയമുണ്ടായിരുന്നുവെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

താനും ഫാഫുമായിയുള്ള ചര്‍ച്ച പുറത്ത് വിട്ടത് താനോ, ഫാഫോ നമ്മളെ സംബന്ധിക്കുന്ന ആരുമല്ല ചെയ്തതെന്ന് അറിയാം. ദക്ഷിണാഫ്രിക്ക ഇന്ത്യയോട് തോറ്റ് ലോകകപ്പിലെ മൂന്നാമത്തെ തോല്‍വിയേറ്റ് വാങ്ങിയപ്പോളാണ് ഈ ചാറ്റ് മീഡിയയ്ക്ക് പുറത്ത് വിട്ടത്. അത് തോല്‍വിയിലേക്കുള്ള ശ്രദ്ധ മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരോ ചെയ്തതാണെന്ന് താന്‍ കരുതുന്നുവെങ്കിലും ആരാണത് ചെയ്തതെന്ന് അറിയില്ലെന്നും എബി ഡി വില്ലേയേഴ്സ് പറഞ്ഞു.

താന്‍ പണത്തിന് വേണ്ടിയല്ല റിട്ടയര്‍മെന്റ് നടത്തിയതെന്നും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനും തന്റെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുവാനുമാണ് ഇത് ചെയ്തതെന്നും ഡി വില്ലിയേഴ്സ് പറഞ്ഞു. എന്നാല്‍ തന്നെ അത്യാഗ്രഹിയെന്നും സ്വാര്‍ത്ഥനുമെന്നുമെല്ലാമാണ് പലരും വിശേഷിപ്പിച്ചത് എന്നും എന്നാല്‍ അതല്ല സത്യമെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

Advertisement