ഡേ-നൈറ്റ് ടെസ്റ്റുകള്‍ക്ക് മുമ്പ് ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ വേണം

ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് മുമ്പ് ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ വേണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. നാളെ ഇന്ത്യയും ബംഗ്ലാദേശും ഈഡന്‍ ഗാര്‍ഡന്‍സില്‍ ചരിത്രപരമായ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങുകയാണ്. സമാനമായ സാഹചര്യത്തില്‍ ആവശ്യത്തിന് പരിശീലന മത്സരങ്ങളുണ്ടെങ്കില്‍ ഇരു ടീമുകള്‍ക്കും അത് ഗുണം ചെയ്യുമെന്ന് മോമിനുള്‍ വ്യക്തമാക്കി.

ഇപ്പോള്‍ ടീമുകള്‍ക്ക് ഏതാനും നെറ്റ് സെഷനുകള്‍ മാത്രമാണ് പരിശീലനമായി ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലിയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇപ്രാവശ്യം ടെസ്റ്റ് പരമ്പരയിലേക്ക് ആവശ്യത്തിന് പരിശിലീനമില്ലാതെയാണ് ബംഗ്ലാദേശ് എത്തിയത്. ടി20 പരമ്പര കഴിഞ്ഞ് നേരെ ഇന്‍ഡോര്‍ ടെസ്റ്റിനാണ് ടീം ഇറങ്ങിയത്.

തങ്ങള്‍ക്ക് പരിശീലനം ആവശ്യത്തിന് ലഭിച്ചില്ലെങ്കിലും അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നതല്ലെന്നും മോമിനുള്‍ വ്യക്തമാക്കി.