പരാതി പറയാതെ മുന്നോട്ട് പോകുക – നഥാന്‍ ലയണ്‍

ബയോ ബബിളിലെ ജീവിതത്തെക്കുറിച്ചുള്ള പരാതികള്‍ ക്രിക്കറ്റര്‍മാര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം എന്തെന്ന് വെളിപ്പെടുത്തി നഥാന്‍ ലയണ്‍. പരാതികള്‍ പറയാതെ ഈ സാഹചര്യം മനസ്സിലാക്കി ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കുക എന്നതാണ് തനിക്ക് പറയാനുള്ളതെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

ബ്രിസ്ബെയിനില്‍ വീണ്ടും ക്വാറന്റീന് വിധേയരാകേണ്ടി വരും എന്നതിനോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്പര്യമില്ലെന്ന് അറിയിച്ചതോടെ പരമ്പരയിലെ നാലാമത്തെ മത്സരം മറ്റൊരു വേദിയില്‍ നടക്കേണ്ട സാഹചര്യമാണിപ്പോളുള്ളത്. ഇന്ത്യന്‍ താരങ്ങള്‍ക്കായി ക്വാറന്റീന്‍ നിയമങ്ങള്‍ മാറ്റാനാകില്ല എന്നാണ് ക്യൂന്‍സ്‍ലാന്‍ഡിലെ സര്‍ക്കാരും വ്യക്തമാക്കിയത്.

ഇരു ടീമുകളിലും ആറ് മാസത്തോളമായി ബയോ ബബിളില്‍ കഴിയുന്ന താരങ്ങളുണ്ടെന്നത് സത്യമാണെങ്കിലും ക്രിക്കറ്റിന്റെ നിലനില്പിനായി ഈ ചെറിയ ത്യാഗം സഹിച്ച് കളിക്കുവാന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് ലയണ്‍ പറഞ്ഞു. നമ്മള്‍ സ്നേഹിക്കുന്ന ഈ ഗെയിമിന് വേണ്ടിയും പല ആളുകളുടെ മുഖത്ത് പുഞ്ചിരി കൊണ്ടു വരുവാനും ഇത് ഉപകരിക്കുമെന്ന് ലയണ്‍ വ്യക്തമാക്കി.