വിന്‍ഡീസിനെ വിലകുറച്ച് കണ്ടത് കൊണ്ടാണോ ബ്രോഡിനെ പുറത്തിരുത്തിയത് – നാസ്സര്‍ ഹുസൈന്‍

വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണോ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതെന്ന് ചോദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ പുറത്തിരുത്തുകയായിരുന്നു. ഇതിനെതിരെ താരം തന്റെ മനസ്സ് തുറന്ന് പ്രതികരിക്കുകയും ചെയ്തു. ടെസ്റ്റില്‍ വിന്‍ഡീസ് 4 വിക്കറ്റ് വിജയം നേടുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ ജെയിംസ് ആന്‍ഡേഴ്സണൊപ്പം പന്തെറിയുവാന്‍ ജോഫ്ര ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയുമാണ് ഇംഗ്ലണ്ട് പരിഗണിച്ചത്. ഇതിന് ഇംഗ്ലണ്ട് വലിയ വില കൊടുക്കേണ്ടി വന്നുവെന്നാണ് നാസ്സര്‍ ഹുസൈന്‍ പറയുന്നത്. ഈ ഉദാസീന സമീപനമാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ കലാശിച്ചതെന്നാണ് നാസ്സര്‍ വ്യക്തമാക്കുന്നത്.

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തീര്‍ച്ചയായും സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേനെ അപ്പോള്‍ വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണ് അദ്ദേഹത്തെ സൗത്താംപ്ടണില്‍ കളിപ്പിക്കാത്തതെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. മുമ്പും ഇതു പോലെ വിന്‍ഡീസിനെ വിലകുറച്ച് കണ്ട് ഇംഗ്ലണ്ട് അവരോട് തോല്‍വിയേറ്റു വാങ്ങിയെന്നും ചരിത്രം ആവര്‍ത്തിക്കുകയാണെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.