ഗാബയില്‍ നസീം ഷായ്ക്ക് അഭിമാന നിമിഷം, ടെസ്റ്റ് ക്യാപ് നല്‍കിയത് വഖാര്‍ യൂനിസ്

തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുവാനുള്ള ചരിത്ര മുഹൂര്‍ത്തത്തിന് അവകാശിയായി നസീം ഷാ. ഇന്ന് 16 വയസ്സിലും 279 ദിവസത്തിലും തന്റെ ടെസ്റ്റ് അരങ്ങേറ്റം പാക്കിസ്ഥാനായി കുറിയ്ക്കുമ്പോള്‍ ടെസ്റ്റ് ക്യാപ് താരത്തിന് സമ്മാനിച്ചത് പാക് ഇതിഹാസവും ബൗളിംഗ് കോച്ചുമായ വഖാര്‍ യൂനിസ് ആയിരുന്നു.

ആദ്യ ദിവസം മികച്ച തുടക്കത്തിന് ശേഷം പാക്കിസ്ഥാന്‍ 86.2 ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിച്ചതോടെ നസീം ഷായ്ക്ക് ബൗളിംഗിന് അവസരം ലഭിച്ചില്ല. തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ 12 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

നാളെ ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ ആദ്യ പന്തെറിയുമ്പോള്‍ മുതല്‍ പ്രഭാവം ഉണ്ടാക്കുവാനാകും ഈ യുവ താരത്തിന്റെ ശ്രമം.