മുസ്തഫിസുര്‍ റഹ്മാന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും റോളുണ്ട് – ഓടിസ് ഗിബ്സണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് മുന്‍ നിര പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ തന്റെ പ്രതാപകാലത്തിന്റെ ഏഴയലത്തല്ലെങ്കിലും താരത്തിന് ഇപ്പോളും ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ റോളുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് ഓടിസ് ഗിബ്സണ്‍. താരത്തിനെ ടെസ്റ്റ് കേന്ദ്ര കരാറില്‍ നിന്ന് ഈ അടുത്ത് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കാതരുന്ന മുസ്തഫിസുറിനെ ഫെബ്രുവരിയില്‍ പാക്കിസ്ഥാനെതിരെയുള്ള റാവല്‍പിണ്ടി ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ പറയുന്നത് താരം ടെക്നിക്ക് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇനി ടീമിലേക്ക് തിരികെ എത്തുവാനാകൂ എന്നാണ്. മുസ്തഫിസുറിന് ഭാഗികമായ വൈറ്റ് ബോള്‍ ക്രിക്കറ്റ് കരാര്‍ മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. 2015ല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ ശേഷം ഇതുവരെ 13 ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് നേടിയത് 28 വിക്കറ്റും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രഭാവം ഉണ്ടാക്കിയ താരത്തിന് എന്നാല്‍ ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം മാത്രമാണ് പുറത്തെടുക്കാനായിട്ടുള്ളത്.

ചാള്‍ ലാംഗെവെല്‍ഡടിന് പകരം ബൗളിംഗ് കോച്ചായി എത്തിയ ഗിബ്സണ്‍ പറയുന്നത് മുസ്തഫിസുറിന് ഇനിയും ടെസ്റ്റില്‍ പ്രഭാവം ഉണ്ടാക്കുവാനാകും എന്നാണ്. താരം കൂടുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചതിനാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മെന്‍ഡ്സെറ്റ് സൃഷ്ടിക്കുകയാണ് പ്രധാനം എന്ന് ഗിബ്സണ്‍ പറഞ്ഞു. രണ്ട് തരം മൈന്‍ഡ്സെറ്റ് സൃഷ്ടിച്ചെടുക്കുകയാണ് താരം ആദ്യം ചെയ്യേണ്ടതെന്നും ഗിബ്സണ്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ ലൈനിനും ലെംഗ്ത്തിനും ഓവറുകളോളം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്, എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അപ്രവചനീയതയ്ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നും ഗിബ്സണ്‍ വ്യക്തമാക്കി. ഈ രണ്ട് കാര്യത്തിലേക്ക് മുസ്തഫിസുര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഗിബ്സണ്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താരത്തെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പേസറെന്നാണ് വിലയിരുത്തപ്പെട്ടതെന്ന് ആരും മറക്കേണ്ടതില്ലെന്നും ഗിബ്സ്ണ്‍ വ്യക്തമാക്കി.