2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ക്ലബിലേക്ക് എത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുജീബ് വ്യക്തമാക്കി.

താരം മിഡില്‍സെക്സിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ടീം നോക്ക്ഔട്ട് ഘട്ടത്തിലെത്തിയാല്‍ അതിലും കളിക്കുമെന്നാണ് അറിയുന്നത്. ടി20 ഫോര്‍മാറ്റില്‍ റഷീദ് ഖാന് തൊട്ടുപിന്നിലായാണ് താരത്തിന്റെ റാങ്ക്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിക്കുന്ന മുജീബ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്.