ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മുഹമ്മദ് ഹസ്നൈൻ

Staff Reporter

ടി20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പാകിസ്ഥാൻ ബൗളർ മുഹമ്മദ് ഹസ്നൈൻ. ശ്രീലങ്കക്കെതിരെയുള്ള ടി20 മത്സരത്തിലാണ് താരം ഹാട്രിക് നേടിയത്. ഹാട്രിക് നേടുമ്പോൾ താരത്തിന്റെ പ്രായം 19 വയസ്സും 183 ദിവസവുമായിരുന്നു.

16ആം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് എടുത്ത ഹസ്നൈൻ  തുടർന്ന് 19ആം ഓവറിലെ ആദ്യ രണ്ട് പന്തിൽ വിക്കറ്റ് നേടുകയായിരുന്നു. ഭാനുക രാജപാക്‌സെ, ദസുൻ ശനക, ഷെഹൻ ജയസൂര്യ എന്നിവരുടെ വിക്കറ്റുകളാണ് ഹസ്നൈൻ വീഴ്ത്തിയത്. താരത്തിന്റെ രണ്ടാമത്തെ ഇൻർനാഷണൽ ടി20 മത്സരമായിരുന്നു ശ്രീലങ്കക്കെതിരെയുള്ളത്. മത്സരത്തിൽ ഹസ്നൈൻ 37 റൺസ് വിട്ട്കൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

അതെ സമയം മുഹമ്മദ് ഹസ്‌നൈൻ ഹാട്രിക് നേടിയെങ്കിലും മത്സരത്തിൽ പാകിസ്ഥാൻ ദയനീയമായി തോൽക്കുകയായിരുന്നു. 64 റൺസിനാണ് പാകിസ്ഥാൻ ശ്രീലങ്കൻ യുവനിരയോട് തോറ്റത്.