ധോണിയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ട്രെന്റ് ബോള്‍ട്ട് ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്ത്

- Advertisement -

ഐസിസി ഏകദിന റാങ്കിംഗില്‍ റാങ്ക് മെച്ചപ്പെടുത്തി എംഎസ് ധോണി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ എംഎസ് ധോണി 17ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് തുടര്‍ അര്‍ദ്ധ ശതകങ്ങളാണ് ധോണിയെ മുന്നോട്ട് എത്തിക്കുവാന്‍ സഹായിച്ചത്. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ്‍ലി തന്നെയാണ്.

അതേ സമയം പേസ് ബൗളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട് ഇന്ത്യയ്ക്കെതിരെ നേടിയ 12 വിക്കറ്റുകളെ ബലത്തില്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരമ്പരയില്‍ ന്യൂസിലാണ്ട് വിജയിച്ച് ഏക മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റ് നേട്ടം കൊയ്തിരുന്നു. ഇതിന്റെ ബലത്തില്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് താരം ഉയരുകയായിരുന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനുമാണ് റാങ്കിംഗില്‍ നിലവില്‍ ബോള്‍ട്ടിനു മുന്നിലുള്ളത്. 2016 ജനുവരിയില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയ താരമായിരുന്നു ട്രെന്റ് ബോള്‍ട്ട്.

Advertisement