പൂനെയിലെ ദിവസ വേതനക്കാര്‍ക്ക് ധോണിയുടെ സഹായം

Sports Correspondent

പൂനെയിലെ ദിവസ വേതനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ സംഭാവന നല്‍കി എംഎസ് ധോണി. പൂനെയിലെ ചാരിറ്റബിള്‍ ട്രസ്റ്റായ മുകുല്‍ മാധവ് ഫൗണ്ടേഷന്‍ ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ കീറ്റോ വഴി നഗരത്തിലെ ദിവസ വേതനക്കാര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുന്നുണ്ടായിരുന്നു. ഇതിലേക്കാണ് ധോണിയുടെ സംഭാവന.

ഈ വെബ്സൈറ്റിലൂടെ ലഭിയ്ക്കുന്ന പണം ഉപയോഗിച്ച് പട്ടണത്തിലെ ദിവസ വേതനക്കാര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കുമെന്നാണ് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. എംഎസ് ധോണിയുടെ ഭാര്യ സാക്ഷി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ ലിങ്ക് പങ്കുവെച്ച് ആളുകളോട് സംഭാവന ചെയ്യുവാന്‍ ആവശ്യപ്പെട്ടിരുന്നു.

12.5 ലക്ഷം രൂപയാണ് ഫണ്ട്റെയിസിംഗ് ലക്ഷ്യമായി മുകുല്‍ മാധവ് ഫൗണ്ടേഷന്‍ വെച്ചിരിക്കുന്നത്. ധോണിയാണ് നിലവില്‍ ഇതിലെ ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയത്.