രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ മികച്ച വികാരം വേറെയില്ല : മുഹമ്മദ് ഷമി

ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ മികച്ച വികാരം വേറെയില്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപ് പരിശീലനം നടത്തുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യവേയാണ് രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ തനിക്ക് ഒരുപാട് അഭിമാനം ഉണ്ടെന്ന് താരം വെളിപ്പെടുത്തിയത്.

ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ പന്തെറിയാനുള്ള ഒരുപാട് കാലത്തെ ആഗ്രഹം ഇന്ന് അവസാനിച്ചെന്നും മുഹമ്മദ് ഷമി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പരമ്പരക്ക് തയ്യാറെടുക്കുന്നത്. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ഇടക്ക് വെച്ച് റദ്ദ് ചെയ്തിരുന്നു.

നിലവിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഓസ്‌ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീം അവിടെ 14 ദിവസത്തെ ക്വറന്റൈനിലാണ്. നേരത്തെ ക്വറന്റൈനിൽ പരിശീലനം നടത്താനുള്ള അനുമതി ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നൽകിയിരുന്നു.