ക്രിക്കറ്റര്‍മാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കല്‍ അനിവാര്യം

കോല്‍പക് കരാറുകള്‍ക്കും ടി20 ക്രിക്കറ്റിനു വേണ്ടിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താരങ്ങള്‍ വിട പറയുന്നത് അവസാനിപ്പിക്കുവാന്‍ അടിസ്ഥാന വേതനം ഉറപ്പാക്കേണ്ട ആവശ്യകത അനിവാര്യമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബോര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്ക് പോലും അടിസ്ഥാനമായ കുറഞ്ഞ വേതനം ഉറപ്പാക്കുവാന്‍ പലപ്പോഴും സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് താരങ്ങള്‍ കോല്‍പക് കരാറുകള്‍ വഴി കൗണ്ടി കളിക്കുവാന്‍ യാത്രയാകുമ്പോള്‍ വിന്‍ഡീസ് താരങ്ങള്‍ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്ക് വേണ്ടിയാണ് രാജ്യത്തിനു വേണ്ടി കളിയാക്കുന്നത് മതിയാക്കുന്നത്.

അവസരങ്ങള്‍ ഇല്ലായ്മയെക്കാള്‍ കൂടുതലായി അടിസ്ഥാന വേതനമില്ലാത്തതാണ് താരങ്ങളെ മെച്ചപ്പെട്ട വേതനത്തിനായി ഇത്തരം തീരുമാനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ട് പോലുള്ള മെച്ചപ്പെട്ട വേതനങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളെക്കാള്‍ വളരെ പരിതാപകരമായ നിലയിലാണ് വിന്‍ഡീസ് പോലുള്ള ക്രിക്കറ്റ് കളിക്കുന്ന ബോര്‍ഡുകളിലെ വേതന വ്യവസ്ഥ. താരങ്ങള്‍ക്ക് പലപ്പോഴും വേതനം നല്‍കുവാനുള്ള സ്ഥിതി പോലും ഉണ്ടാകാറില്ലെന്നത് പലപ്പോഴായി ലോകം വിന്‍ഡീസ് ക്രിക്കറ്റര്‍മാരുടെ കാര്യങ്ങളില്‍ കണ്ടതാണെന്നും ജേസണ്‍ പറഞ്ഞു.

താരങ്ങളെ മാത്രം ഇത്തരം കാര്യങ്ങളില്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞ ജേസണ്‍, അടിസ്ഥാന സൗകര്യങ്ങളില്‍ ജീവിക്കുവാന്‍ ഏവരും ആഗ്രഹിക്കുമെന്നും അതിനു വേണ്ടി ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

Previous articleജോബി ജസ്റ്റിനായി ലക്ഷങ്ങളുടെ വലയെറിഞ്ഞ് എ ടി കെ കൊൽക്കത്ത
Next article“മെസ്സിയുടെ ജേഴ്സി കിട്ടാൻ എളുപ്പ വഴിയുണ്ട്” മോഡ്രിചിനെ പരിഹസിച്ച് ബാഴ്സലോണ