ഓസ്ട്രേലിയന്‍ പുരുഷ ടീമിന് രണ്ട് പുതിയ സഹ പരിശീലകര്‍

ഓസ്ട്രേലിയന്‍ പുരുഷ ദേശീയ ടീമിന് പുതിയ രണ്ട് സഹ പരിശീലകര്‍. ജസ്റ്റിന്‍ ലാംഗറുടെ സംഘത്തിലേക്ക് മൈക്കൽ ഡി വെനൂടോയെയും ജെഫ് വോണിനെയും ആണ് നിയമിച്ചിരിക്കുന്നത്.

ഇതിൽ ഡി വെനൂടോ 2013ൽ ഓസ്ട്രേലിയയുടെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ൽ ഡാരന്‍ ലീമാന്‍ അസുഖ ബാധിതനായപ്പോള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ സീനിയര്‍ കോച്ചായും മൈക്കൽ ചുമതല വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ ടീമിനൊപ്പം വിന്‍ഡീസിൽ താത്കാലിക സേവനം അനുഷ്ഠിക്കുന്ന മൈക്കൽ ഡി വെനൂടോ തനിക്ക് ലഭിച്ച മുഴുവന്‍ സമയ കരാറിൽ സന്തുഷ്ടനാണെന്നും വ്യക്തമാക്കി.

സറേയുടെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്ന താരം കോവിഡ് കാരണം പിന്നീട് കരാര്‍ ഉപേക്ഷിക്കുകയായിരുന്നു. അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്, ഹോബാര്‍ട് ഹറികെയന്‍സ്, ടാസ്മാനിയ എന്നീ ടീമുകളെയും മൈക്കൽ പരിശീലിപ്പിച്ചിട്ടുണ്ട്.

ജെഫ് വോണും അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്, ടാസ്മാനിയ, സൗത്ത് ഓസ്ട്രേലിയ എന്നിവരുടെ സീനിയര്‍ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ്. ഇപ്പോള്‍ 2017 മുതൽ ടാസ്മാനിയയുടെ പരിശീലകനാണ് ജെഫ് വോൺ.

Previous articleനെയ്മറും സാഞ്ചസും തിരിച്ചെത്തും, കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പൊടിപാറും
Next articleമാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം