അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ശതകവും വിന്‍ഡീസ് വിജയ ശില്പിയുമായി കൈല്‍ മയേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയം പിടിച്ചെുടുത്ത് വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് 59 റണ്‍സ് എടുക്കുമ്പോളേക്കും ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ തകര്‍പ്പന്‍ ഇരട്ട ശതകം നേടിയ കൈല്‍ മയേഴ്സിന്റെ സമ്മര്‍ദ്ദത്തിലുള്ള പ്രകടനം ആണ് വിന്‍ഡീസിന് വിജയം നേടിക്കൊടുത്തത്. മൂന്ന് വിക്കറ്റ് വിജയം ആണ് വിന്‍ഡീസ് കരസ്ഥമാക്കിയത്. കൈല്‍ മയേഴ്സ് പുറത്താകാതെ 210 റണ്‍സ് നേടി.

പിന്നീട് കൈല്‍ മയേഴ്സിന്റെയും ക്രുമാ ബോണ്ണറുടെയും തകര്‍പ്പന്‍ 216 റണ്‍സ് കൂട്ടുകെട്ട് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റമാണ് നടത്തിയതെങ്കിലും യാതൊരു തരത്തിലുള്ള പരിഭ്രവവുമില്ലാതെ വിന്‍ഡീസിനെ അഞ്ചാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളില്‍ മുന്നോട്ട് നയിച്ചു.

Bangladesh

അവസാന സെഷന്‍ തുടങ്ങി അധികം വൈകാതെ ബോണ്ണറിനെ തൈജുല്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. താരം 86 റണ്‍സാണ് നേടിയത്. നയീം ഹസന്‍ അധികം വൈകാതെ ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെയും പുറത്താക്കിയതോടെ മത്സരത്തില്‍ ബംഗ്ലാദേശ് പിടിമുറുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മയേഴ്സ് തന്റെ മികവ് തുടര്‍ന്ന് വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

20 റണ്‍സുമായി ജോഷ്വ ഡാ സില്‍വയും അവസാന മണിക്കൂറില്‍ മയേഴ്സിന് മികച്ച പിന്തുണയാണ് നല്‍കിയത്. ലക്ഷ്യത്തിന് മൂന്ന് റണ്‍സ് അകലെ ജോഷ്വ ഡാ സില്‍വ പുറത്താകുകയായിരുന്നു. മെഹ്ദി ഹസന്‍ കെമര്‍ റോച്ചിനെയും പൂജ്യത്തിന് പുറത്താക്കിയെങ്കിലും വിജയ റണ്‍സും നേടി കൈല്‍ മയേഴ്സ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് പവലിയനിലേക്ക് തിരികെ പോയത്.