തന്നെ ബലിയാടാക്കിയെന്ന് പറഞ്ഞ് ആഞ്ചലോ മാത്യൂസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ക്കും കോച്ചിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഞ്ചലോ മാത്യൂസ്. ഏഷ്യ കപ്പ് പരാജയത്തിനു ശേഷം തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. ടീമിന്റെ പരാജയത്തിനെത്തുടര്‍ന്ന് താരത്തിനോട് സെലക്ഷന്‍ കമ്മിറ്റിയും കോച്ചും ക്യാപ്റ്റന്‍സി ഒഴിയുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 2013 മുതല്‍ 2017 ശ്രീലങ്കയെ നയിച്ച മാത്യൂസ് ടീമിന്റെ മോശം പ്രകടനത്തിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍സി നേരത്തെ ഒഴിഞ്ഞിരുന്നുവെങ്കിലും മറ്റു പല താരങ്ങളെയും ക്യാപ്റ്റനായി പരിഗണിച്ച് പരാജയപ്പെട്ട ലങ്ക വീണ്ടും മാത്യൂസിനു തന്നെ ദൗത്യം ഏല്പിക്കുകയായിരുന്നു.

ഇപ്പോള്‍ സംഭവിച്ച സാഹചര്യങ്ങളില്‍ അതൃപ്തനായ മാത്യൂസ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‍ലി ഡി സില്‍വയ്ക്ക് തന്നെ മാത്രം മോശം പ്രകടനത്തിനു കുറ്റക്കാരനാക്കി മാറ്റാനാകില്ലെന്ന് എഴുതുകയായിരുന്നു. തന്നെ ബലിയാടാക്കി മാറ്റിയതായാണ് തനിക്ക് തോന്നുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കും ഭാഗികമായി ഉണ്ടെങ്കിലും തന്നെ മാത്രം ഇപ്പോള്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നത് ഏറെ വിഷമകരമായ അവസ്ഥയാണെന്നും ആഞ്ചലോ മാത്യൂസ് അഭിപ്രായപ്പെട്ടു. കോച്ചിന്റെയും സെലക്ടര്‍മാരുടെയും അറിവോടു കൂടിയുള്ള തീരുമാനങ്ങളാണ് ടീം തിരഞ്ഞെടുപ്പില്‍ വരെ നടന്നിട്ടുള്ളത്. അതിനാല്‍ തന്നെ കുറ്റക്കാരായുള്ളത് താന്‍ മാത്രമല്ലെന്നും ഇവര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും മാത്യൂസ് പറഞ്ഞു.

എന്തൊക്കെ സാഹചര്യമാണെങ്കിലും സെലക്ഷന്‍ കമ്മിറ്റിയുടെയും കോച്ചിന്റെയും ആവശ്യം മാനിച്ച് താന്‍ തന്റെ സ്ഥാനം രാജി വയ്ക്കുകയാണെന്നും മാത്യൂസ് ബോര്‍ഡിനയയ്ച്ച കത്തില്‍ അഭിപ്രായപ്പെട്ടു.