തുടർച്ചയായി നാല് വിക്കറ്റുകൾ വീണത് തിരിച്ചടിയായെന്ന് ശിഖർ ധവാൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യ ഓവറുകളിൽ തുടർച്ചയായി നാല് വിക്കറ്റുകൾ വീണതാണ് ഓസ്ട്രേലിയക്കെതിരെയുള്ള വമ്പൻ തോൽവിക്ക് കാരണമായതെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ആദ്യ 10-15 ഓവറുകളിൽ ഇന്ത്യ മികച്ച രീതിയിൽ കളിച്ചുവെന്നും എന്നാൽ തുടർച്ചയായി നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ മത്സരത്തിൽ ഇന്ത്യ പിറകിൽ ആയി പോയെന്നും ശിഖർ ധവാൻ പറഞ്ഞു. ഇവിടെയാണ് മത്സരത്തിൽ ഇന്ത്യക്ക് പിഴച്ചതെന്നും ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

സ്കോറിന് വർദ്ധിപ്പിക്കാൻ താനും കെ.എൽ രാഹുലും തീരുമാനിച്ച സമയത്താണ് രാഹുൽ ഔട്ട് ആയതെന്നും തുടർന്ന് തുടർച്ചയായി നാല് വിക്കറ്റുകൾ വീണതോടെ ഇന്ത്യക്ക് മത്സരത്തിന്റെ വേഗത നഷ്ടപ്പെട്ടുവെന്നും ധവാൻ പറഞ്ഞു. 300 റൺസ് ലക്‌ഷ്യം വെച്ചായിരുന്നു ബാറ്റ് ചെയ്തതെന്നും എന്നാൽ കുറഞ്ഞ റൺസിൽ ഇന്ത്യ പുറത്താവുകയും ബൗൾ ചെയ്തപ്പോൾ ഓസ്ട്രേലിയയുടെ വിക്കറ്റുകൾ നേരത്തെ വീഴ്ത്താൻ കഴിഞ്ഞതുമില്ലെന്നും ധവാൻ പറഞ്ഞു.

ഇന്ത്യൻ ടീമിൽ തന്നെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കൂടുതൽ ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു ദിവസത്തെ പ്രകടനം വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്ന് ധവാൻ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻസ് ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്ത കാര്യം ശിഖർ ധവാൻ ഓർമിപ്പിക്കുകയും ചെയ്തു.

മത്സരത്തിൽ ശിഖർ ധവാൻ 74 റൺസ് എടുത്ത് പുറത്തായിരുന്നു. കെ.എൽ രാഹുലുമൊത്ത് രണ്ടാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർക്കാനും ശിഖർ ധവാനായിരുന്നു.