നാണം കെട്ട് ഇന്ത്യ എ, ലയണ്‍സിനു 253 റണ്‍സ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ-യ്ക്ക് ദയനീയ തോല്‍വി. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ 253 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തില്‍ ജയം പോക്കറ്റിലാക്കി.

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 423 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലിസ്റ്റര്‍ കുക്കിന്റെ 180 റണ്‍സിനോടൊപ്പം ദാവീദ് മലന്‍(74) നിക് ഗബിന്‍സ്(73) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിനു തുണയായത്. ഒരു ഘട്ടത്തില്‍ 345/2 എന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജിന്റെയും ഷഹ്ബാസ് നദീമിന്റെയും ബൗളിംഗിന്റെ ബലത്തില്‍ ഇന്ത്യ 423 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സിറാജ് നാലും ഷഹ്ബാസ് നദീം 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ അവസാന എട്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു 78 റണ്‍സിനുള്ളില്‍ നഷ്ടമാവുകയായിരുന്നു. അങ്കിത് രാജ്പുതിനു രണ്ട് വിക്കറ്റ് ലഭിച്ചു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 197 റണ്‍സിനു ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷഭ് പന്ത് 58 റണ്‍സും അജിങ്ക്യ രഹാനെ 49 റണ്‍സും നേടി പുറത്തായി. സാം കറന്‍ 5 വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് പോര്‍ട്ടര്‍ ഒരു വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 194/5 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒലി പോപ്(50), ദാവീദ് മലന്‍, റോയി ബേണ്‍സ്(38) എന്നിവര്‍ക്കൊപ്പം ക്രിസ് വോക്സ് 28 റണ്‍സ് നേടി ഇംഗ്ലണ്ടിനു വേണ്ടി മികവ് പുലര്‍ത്തി. സിറാജിനു മൂന്ന് വിക്കറ്റും ഷഹ്ബാസ് നദീം, നവദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 421 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടയിരുന്നത്. എന്നാല്‍ ടീം 167 റണ്‍സിനു ഓള്‍ഔട്ട് ആയി. ഋഷഭ് പന്ത് 61 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 48 റണ്‍സ് നേടി പുറത്തായി. ഡൊമിനിക് ബെസ്, ജെയിംസ് പോര്‍ട്ടര്‍, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial