വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുവാന്‍ താന്‍ തിരഞ്ഞെടുക്കുക ആരെയെന്ന് വെളിപ്പെടുത്തി ഡാരെന്‍ ലേമാന്‍

- Advertisement -

വില്‍ പുകോവസ്കിയ്ക്ക് പകരം ജോ ബേണ്‍സിനെയാവണം ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ഓപ്പണറായി പരീക്ഷിക്കേണ്ടതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. വാര്‍ണര്‍ക്ക് ഒപ്പം ഓപ്പണറായി ആരെ ഇറക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സജീവമായി നിലനില്‍ക്കുന്നത്.

ഡിസംബര്‍ 17ന് അഡിലെയ്ഡ് ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ബേണ്‍സ് ഈ സീസണ്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് വെറും 57 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.

അതെ സമയം രണ്ട് ഇരട്ട ശതകങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്സില്‍ നിന്ന് വില്‍ പുകോവസ്കി 495 റണ്‍സ് നേടിയിട്ടുണ്ട്. ഇരു താരങ്ങളെയും ഇന്ത്യയ്ക്കെതിരെയുള്ള ഓസ്ട്രേലിയയുടെ എ സ്ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ണര്‍ക്കൊപ്പമുള്ള ബേണ്‍സിന്റെ ആ മികച്ച കൂട്ടുകെട്ടിന്റെ ആ ആനുകൂല്യം താരത്തിന് ലഭിയ്ക്കണമെന്നാണ് ലേമാന്‍ പറയുന്നത്.

ബേണ്‍സ് ഈ അഞ്ച് ഇന്നിംഗ്സുകളില്‍ ഒരു ശതകം എങ്കിലും നേടിയിരുന്നുവെങ്കില്‍ ഇപ്പോളത്തെ ഈ ചര്‍ച്ച ഉണ്ടാകില്ലായിരുന്നുവെന്ന് ലേമാന്‍ വ്യക്തമാക്കി.

Advertisement