അര്‍ദ്ധ ശതകം നേടി ധവാന്‍, അടിച്ച് തകര്‍ത്ത് ഡുബേ, അവസാന നാലോവറില്‍ തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മഴ മൂലം രണ്ട് ദിവസങ്ങളിലേക്ക് നീണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള നാലാം ഏകദിനത്തില്‍ 4 റണ്‍സിന്റെ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം നിര്‍ണ്ണായക പ്രകടനവുമായി ശ്രേയസ്സ് അയ്യരും ശിവം ഡുബേയും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചുവെങ്കിലും അവസാന നാലോവറില്‍ മത്സരം ദക്ഷിണാഫ്രിക്ക തിരിച്ച് പിടിക്കുകയായിരുന്നു. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് നേടിയതെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 193 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ആദ്യമേ നഷ്ടമായ ശേഷം ശിഖര്‍ ധവാനും പ്രശാന്ത് ചോപ്രയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ചോപ്രയെ (26) നഷ്ടമാകുമ്പോള്‍ 92 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും ഇന്ത്യയയ്ക്ക് നഷ്ടമായി. 19 ഓവറില്‍ ദക്ഷിണാഫ്രിക്ക നേടിയ 137 റണ്‍സിനൊപ്പമെത്തുവാന്‍ ഇന്ത്യയ്ക്കായെങ്കിലും വിജയത്തിനായി ആറോവറില്‍ നിന്ന് ടീം 56 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ലുഥോ സിംപാല എറിഞ്ഞ മത്സരത്തിലെ 20ാം ഓവറില്‍ ശിവം ഡുബേ ഉഗ്രരൂപം പൂണ്ടതോടെ ഓവറില്‍ നിന്ന് 24 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 32 റണ്‍സായി മാറി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയെയും ശ്രേയസ്സ് അയ്യരെയും പുറത്താക്കി ആന്‍റിച്ച് നോര്‍ട്ജേ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രമായിരുന്നു. 17 പന്തില്‍ നിന്ന് 31 റണ്‍സാണ് ശിവം ഡുബേ നേടിയതെങ്കിലും 26 റണ്‍സ് നേടുവാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് സാധിച്ചു.

പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കേണ്ട ദൗത്യം സഞ്ജു സാംസണിലേക്കും നിതീഷ് റാണയിലേക്കും വന്ന് ചേരുകയായിരുന്നു. സിപാംല ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും പുറത്തായി മടങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായി. അതേ ഓവറില്‍ നിതീഷ് റാണയെയും സിപാംല പുറത്താക്കി. മത്സരം അവസാന രണ്ടോവറിലേക്ക കടന്നപ്പോള്‍ 17 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

ആ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും തുഷാര്‍ ദേശ്പാണ്ടേയെയും മാര്‍ക്കോ ജാന്‍സെന്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 15 റണ്‍സായി. രാഹുല്‍ ചഹാര്‍ പൊരുതി നിന്ന് 17 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം ഇന്ത്യ 4 റണ്‍സ് അകലെ കൈവിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് ബൗളര്‍മാരുടെ അവസാന ഓവര്‍ സ്പെല്ലുകള്‍ക്കാണ് നന്ദി പറയേണ്ടത്. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ റണ്‍ ചേസിനെ അവര്‍ തുരങ്കം വെച്ചു. മൂന്ന് വീതം വിക്കറ്റ് നേടി ലുഥോ സിപാംല, ആന്‍റിച്ച് നോര്‍ട്ജേ, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരാണ് മത്സരം  മാറ്റി മറിച്ചത്.