സേവാഗിനും ഹെയ്ഡനും സാധിച്ചത് ബട്‍ലര്‍ക്കും കഴിയും, താരം ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പൺ ചെയ്യണം – കുമാര്‍ സംഗക്കാര

ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ ജോസ് ബട്‍ലര്‍ക്ക് ഓപ്പൺ ചെയ്യാവുന്നതാണെന്നും താന്‍ അതിനായി ഉറ്റുനോക്കുകയാണെന്നും പറഞ്ഞ് കുമാര്‍ സംഗക്കാര. ഹെയ്ഡനും സേവാഗും ടെസ്റ്റ് ക്രിക്കറ്റിൽ വിജയകരമായി ഓപ്പൺ ചെയ്തിട്ടുണ്ടെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്നാണ് പൊതുവേ ജോസ് ബട്‍ലറെ വിശേഷിപ്പിക്കുന്നത്. താരം ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യം അല്ലെങ്കിലും ഇംഗ്ലണ്ടിന് ജോസിനെ ഓപ്പണിംഗിൽ പരീക്ഷിക്കാവുന്നതാണെന്നും താരത്തിന് അവിടെ മികവ് പുലര്‍ത്താനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സംഗക്കാര വ്യക്തമാക്കി.

ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സേവാഗിനെയും മാത്യു ഹെയ്ഡനെയും ചൂണ്ടിക്കാണിച്ച് അവരെ പോലെ തന്നെ ജോസ് ബട്‍ലര്‍ക്കും ടെസ്റ്റിൽ ശോഭിക്കാനാകുമെന്ന് ഏഴാം നമ്പറിന് പകരം താരം ഓപ്പൺ ചെയ്യണമെന്നും സംഗക്കാര കൂട്ടിചേര്‍ത്തു.