ധോണിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ക്രുണാല്‍ പാണ്ഡ്യ

വിന്‍ഡീസിലേക്കുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച താരമാണ് ക്രുണാല്‍ പാണ്ഡ്യ. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക സാന്നിദ്ധ്യാണ് താരം. അത് പോലെ ഇപ്പോള്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ ലഭിച്ചിരിക്കുന്ന അവസരങ്ങളില്‍ താന്‍ ഉറ്റുനോക്കുന്നത് എംഎസ് ധോണിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാണെന്നാണ് താരം പറയുന്നത്. ഇന്ത്യയിലോ ലോകക്രിക്കറ്റിലോ മഹി ഭായിയെ പോലെ ഒരു ഫിനിഷറെ കിട്ടാനില്ല എന്നതാണ് സത്യം. ക്രിക്കറ്റ് കളത്തിലെത്തിയ അന്ന് മുതല്‍ ഓരോ ദിവസവും എണ്ണയിട്ട യന്ത്രം പോലെ താരം ഇത് ആവര്‍ത്തിക്കുന്നുണ്ടെന്നും ക്രുണാല്‍ പറഞ്ഞു.

താന്‍ ധോണിയുമായി ചേര്‍ന്ന് കളിക്കുന്നതിനായി അവസരം കാത്ത് ഇരിക്കുകയാണെന്നും ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. ധോണിയുടെ ഉപദേശങ്ങളുടെ സഹായത്തോടെ തനിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രുണാല്‍ പറഞ്ഞു. ധോണിയുടെ ക്ഷമയും മത്സരത്തെ കൃത്യമായി നിരീക്ഷിച്ച് അവലോകനം ചെയ്യുവാനുള്ള ശേഷിയും മറ്റുള്ള താരങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് ധോണിയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ക്രുണാല്‍ പറഞ്ഞു.