സച്ചിന്റെ ഒരു റെക്കോർഡ് ഒഴികെ ബാക്കി എല്ലാം കോഹ്‌ലി തകർക്കുമെന്ന് സെവാഗ്

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് ഒഴിക്കെ ബാക്കിയെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തകർക്കുമെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലിഎന്നും സെവാഗ് പറഞ്ഞു. നിലവിൽ ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ രണ്ടു താരങ്ങളാണ് സച്ചിനും കോഹ്‌ലിയും.

കോഹ്‌ലി സെഞ്ചുറി നേടുന്ന രീതിയും റൺസ് നേടുന്ന രീതിയും നോക്കുമ്പോൾ വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ചവനെന്നും സച്ചിന്റെ ഒട്ടുമിക്ക റെക്കോർഡുകളും താരം മറികടക്കുമെന്നും സെവാഗ് പറഞ്ഞു. എന്നാൽ ടെസ്റ്റിൽ 200 മത്സരങ്ങൾ കളിച്ച സച്ചിന്റെ റെക്കോർഡ് കോഹ്‌ലി തകർക്കില്ലെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്.  വേറെ ഒരു താരത്തിനും 200 ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് പറഞ്ഞു.

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണെന്ന് പറഞ്ഞ സെവാഗ് സ്മിത്തിനെക്കാൾ കോഹ്‌ലിയുടെ ബാറ്റിംഗ് കാണുന്നത് കണ്ണിനു കുളിർമ നൽകുമെന്നും സെവാഗ് പറഞ്ഞു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടു ടെസ്റ്റുകളും ഇന്ത്യ തന്നെ ജയിക്കുമെന്നും മുൻ ഇന്ത്യൻ ഓപണർ പറഞ്ഞു. നിലവിൽ ഇന്ത്യൻ താരങ്ങളുടെ നിലവാരത്തിലുള്ള താരങ്ങൾ വെസ്റ്റിൻഡീസ് നിരയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement