ഐപിഎലില്‍ ശ്രദ്ധ പാളിയാല്‍ ലോകകപ്പ് ടീമിലെ സ്ഥാനവും നഷ്ടമായേക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സ്ക്വാഡില്‍ ഇടം തേടുവാന്‍ ആഗ്രഹവുമായി നില്‍ക്കുന്ന താരങ്ങളെല്ലാം തന്നെ തങ്ങളുടെ ശ്രദ്ധ ഐപിഎലില്‍ എത്തുമ്പോള്‍ കൈവിടാതിരിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ആത്മവിശ്വാസവും മാനസികമായി തയ്യാറുമായിട്ടുള്ള 15 പേരെയാണ് ഇന്ത്യന്‍ ടീമിലേക്ക് ആവശ്യം. എന്നാല്‍ ഐപിഎലില്‍ എത്തുമ്പോള്‍ ചില മോശം സ്വഭാവം എല്ലാവരിലും എത്തും. വലിയ ഗ്ലാമറുള്ള ടൂര്‍ണ്ണമെന്റാണ് അത്. അതില്‍ മതി മറന്നു പോയി ശ്രദ്ധ കൈവിട്ടാല്‍ ഇതുവരെ ചെയ്ത ഹോംവര്‍ക്ക് എല്ലാം പാഴാവുമെന്നും കോഹ്‍ലി പറഞ്ഞു.

അതിനാല്‍ തന്നെ സാധ്യത ലിസ്റ്റിലുള്ള താരങ്ങളില്‍ നിന്നെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്. ശ്രദ്ധ നഷ്ടപ്പെട്ട്, ബാറ്റിംഗ് ഫോം നഷ്ടപ്പെട്ടാല്‍ ലോകകപ്പ് ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായേക്കാം. അത് പോലെ എത്രത്തോളം വിശ്രമം ആവശ്യമാണെന്നതിനെക്കുറിച്ചും ടീമംഗങ്ങള്‍ക്ക് ബോധ്യം വേണം. ഐപിഎല്‍ ഏറെ യാത്ര ഉള്‍പ്പെടുന്ന ടൂര്‍ണ്ണമെന്റാണ്. ക്ഷീണവും പരിക്കുമാണ് ഐപിഎലിന്റെ ബാക്കി പത്രമെന്നതും താരങ്ങള്‍ ഓര്‍ത്തിരിക്കണമെന്ന് കോഹ്‍ലി പറഞ്ഞു.

വിവിധ കാലാവസ്ഥയില്‍ വിവിധ സാഹചര്യങ്ങളില്‍ പരിശീലന മുറകളും യാത്രയുമെല്ലാം താരതങ്ങളെ ബാധിക്കാതെ നോക്കുക എന്നത് ശ്രമകരമായ ദൗത്യാണ്. എന്നാല്‍ ക്രിക്കറ്ററെന്ന നിലയില്‍ ഇവയെ എല്ലാം തരണം ചെയ്യുക എന്നത് ഓരോ താരത്തിന്റെയും വ്യക്തിപരമായ ആവശ്യം കൂടിയാണ്. മതിയായ വിശ്രമവും ആവശ്യത്തിനു പരിശീലനവും താരങ്ങള്‍ ഉറപ്പാക്കണമെന്നും കോഹ്‍ലി പറഞ്ഞു.

ടൂര്‍ണ്ണമെന്റില്‍ നിങ്ങളുടെ ടീം മികച്ച നിലയിലാണെങ്കില്‍ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാനും നിങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും കോഹ്‍ലി ഓര്‍മ്മിപ്പിച്ചു. അതെല്ലാം നിങ്ങള്‍ എത്രമാത്രം വിശ്രമം ആഗ്രഹിക്കുന്നു അല്ലെങ്കില്‍ എത്രമാത്രം കളിക്കുവാന്‍ തയ്യാറാണെന്ന ഘടകങ്ങളെ ആശ്രയിച്ചുള്ളതാണെന്നും കോഹ്‍ലി പറഞ്ഞു.