കീറണ്‍ പൊള്ളാര്‍ഡിന് കീഴില്‍ വിന്‍ഡീസ് വേറിട്ട ടീം – രോഹിത് ശര്‍മ്മ

- Advertisement -

മുംബൈ ഇന്ത്യന്‍സ് താരം കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ വിന്‍ഡീസ് വേറിട്ട ടീം ആണെന്ന് പറഞ്ഞ സഹതാരവും മുംബൈ നായകനുമായ രോഹിത് ശര്‍മ്മ. മുംബൈയില്‍ മൂന്നാം ടി20യ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ ഈ അഭിപ്രായം. പൊള്ളാര്‍ഡിന് കീഴില്‍ വിന്‍ഡീസ് കരുത്തരായ ടീമായി മാറിയിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. ഹൈദ്രാബാദില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കുറിച്ചപ്പോള്‍ തിരുവനന്തപുരത്ത് വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ വിന്‍ഡീസിനായി.

9 വര്‍ഷമായി ഐപിഎലില്‍ ഒരുമിച്ച് കളിക്കുന്നവരാണ് രോഹിത്തും പൊള്ളാര്‍ഡും. ഏകദിനത്തില്‍ ജേസണ്‍ ഹോള്‍ഡറില്‍ നിന്നും ടി20യില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റില്‍ നിന്നും പൊള്ളാര്‍ഡ് വിന്‍ഡീസിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. അതിന് ശേഷം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനെ 3-0ന് പരാജയപ്പെടുത്തിയെങ്കിലും ലീഡ് നേടിയ ശേഷം 1-2ന് പൊള്ളാര്‍ഡിന്റെ വിന്‍ഡീസ് അവരോട് ടി20 പരമ്പര കൈവിട്ടിരുന്നു.

പൊള്ളാര്‍ഡിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച രോഹിത് പറഞ്ഞത് ഈ കഴിവ് മുംബൈ ഇന്ത്യന്‍സില്‍ വെച്ചാണ് താരം വളര്‍ത്തിയെടുത്തതെന്നാണ്. കളിയെക്കുറിച്ച് മികച്ച അവബോധമുള്ളയാളാണ് പൊള്ളാര്‍ഡെന്നും പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള വിന്‍ഡീസിനെ മറികടക്കുവാന്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കണമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സില്‍ പണ്ട് മുതലെ തീരുമാനങ്ങളെടുക്കുന്ന ആളുകളില്‍ ഒരു പ്രധാനിയായിരുന്നു പൊള്ളാര്‍ഡ്. താന്‍ കളിക്കാതിരുന്ന ഒരു മത്സരത്തില്‍ ടീമിനെ നയിച്ചതും പൊള്ളാര്‍ഡായിരുന്നുവെന്നും രോഹിത് ശര്‍മ്മ ഓര്‍മ്മപ്പെടുത്തി.

Advertisement