ലഖ്‌നൗ: ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം ബിയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ടി20 മത്സരത്തിൽ മുംബൈയെ 15 റൺസിന് തോൽപ്പിച്ച് കേരളത്തിന് ആവേശ വിജയം. കേരളം ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 19.4 ഓവറിൽ 163 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
3.4 ഓവറിൽ വെറും 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ആസിഫ് കെ.എമ്മിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
മുംബൈക്ക് വേണ്ടി അജിങ്ക്യ രഹാനെ (18 പന്തിൽ 32, 5 ഫോർ), സർഫറാസ് ഖാൻ എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യ ഓവറിൽ തന്നെ ആയുഷ് മത്രെ 3 റൺസിന് ഷറഫുദ്ദീന് വിക്കറ്റ് നൽകി മടങ്ങിയിരുന്നു. എന്നാൽ പത്താം ഓവറിൽ രഹാനയെ പുറത്താക്കി വിഘ്നേശ് പുത്തൂർ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തിൽ 8 ഫോറും 1 സിക്സും സഹിതം 52 റൺസ് നേടിയ സർഫറാസ് ഖാൻ, അബ്ദുൾ ബാസിത് പി.എയുടെ പന്തിൽ രോഹൻ എസ്. കുന്നുമ്മലിന് ക്യാച്ച് നൽകി മടങ്ങി.
സൂര്യകുമാർ 25 പന്തിൽ 4 ഫോറടക്കം 32 റൺസ് നേടി ചെറിയ തിരിച്ചുവരവ് നൽകിയെങ്കിലും ആസിഫിന്റെ പന്തിൽ പുറത്തായി. 7 പന്തിൽ 11 റൺസെടുത്ത (1 ഫോർ, 1 സിക്സ്) ശിവം ദുബെ വിഘ്നേഷിന്റെ പന്തിൽ സഞ്ജു സാംസൺ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
5 എക്സ്ട്രാ റൺസ് (3 വൈഡ്) മാത്രമാണ് കേരള ബൗളർമാർ വിട്ടുകൊടുത്തത്. 5 വിക്കറ്റ് വീഴ്ത്തിയ ആസിഫിന് വിഘ്നേശ് പുത്തൂർ (2/31), നിധീഷ് എം.ഡി. (1/37), ഷറഫുദ്ദീൻ (1/23), ബാസിത് (1/27) എന്നിവർ മികച്ച പിന്തുണ നൽകി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത കേരളത്തിന് സഞ്ജു സാംസൺ 48 റൺസുമായി നല്ല തുടക്കം നൽകി. മധ്യനിരയിൽ വിഷ്ണു വിനോദ് 43* റൺസ് നേടിയപ്പോൾ അവസാനം 15 പന്തിൽ 35 അടിച്ച ശറഫുദ്ദീൻ കേരളത്തിന് മികച്ച സ്കോർ ഉറപ്പിച്ചു.