യുവ താരങ്ങളിൽ കെമര്‍ റോച്ചിന് വലിയ സ്വാധീനം – ഫിൽ സിമ്മൺസ്

വെസ്റ്റിന്‍ഡീസിനായി 250 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം കുറിയ്ക്കുവാന്‍ കെമര്‍ റോച്ചിന് ബംഗ്ലാദേശിനെതിരെ സാധിച്ചിരുന്നു. യുവ പേസര്‍മാരിൽ വലിയ സ്വാധീനം ആണ് റോച്ച് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് കോച്ച് ഫിൽ സിമ്മൺസും താരത്തെ പ്രശംസിച്ചിരുന്നു.

വേഗത്തിൽ താരങ്ങള്‍ക്ക് പക്വത വരുവാന്‍ കെമര്‍ റോച്ചിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നും ഫിൽ സിമ്മമൺസ് വ്യക്തമാക്കി. തന്റെ പരിചയസമ്പത്ത് കൊണ്ട് യുവതാരങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി എപ്പോളും താരം മുന്നിൽ തന്നെ ഉണ്ടാകുമെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു.

250 വിക്കറ്റ് നേട്ടത്തോടെ വിന്‍ഡീസ് ഇതിഹാസം മൈക്കൽ ഹോള്‍ഡിംഗിന്റെ 249 വിക്കറ്റെന്ന നേട്ടത്തെ കെമര്‍ റോച്ച് മറികടന്നിരുന്നു. 2008 മുതൽ വിന്‍ഡീസ് ടെസ്റ്റ് സംഘത്തിന്റെ ഭാഗം ആണ് കെമര്‍ റോച്ച്.