കേറ്റ് ക്രോസിന് അഞ്ച് വിക്കറ്റ്, തകര്‍ന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മിത്താലിയുടെ അര്‍ദ്ധ ശതകം

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് അടിഞ്ഞ് ഇന്ത്യ. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇന്ത്യ 221 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിത്താലി രാജിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം 192/9 എന്ന നിലയിലേക്ക് വീണ ടീം പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 29 റൺസിന്റെ ബലത്തിൽ ആണ് 221 എന്ന സ്കോറിലേക്ക് എത്തിയത്.

11.5 ഓവറിൽ 56 റൺസ് നേടിയ ശേഷം മന്ഥാന(22) – ഷഫാലി കൂട്ടുകെട്ടിനെ കേറ്റ് ക്രോസ് തകര്‍ക്കുകയായിരുന്നു.

Katecross

ജെമീമ റോഡ്രിഗസിനെയും(8) ഷഫാലി വര്‍മ്മയെയും(44) അടുത്തടുത്ത ഓവറുകളിൽ നഷ്ടമായ ശേഷം മിത്താലി രാജാണ് ഇന്ത്യയ്ക്കായി പൊരുതി നിന്നത്. താരം 9ാം വിക്കറ്റായി പുറത്താകുമ്പോള്‍ 192 റൺസാണ് ഇന്ത്യ നേടിയത്.

59 റൺസാണ് മിത്താലി രാജ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ കേറ്റ് ക്രോസാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റ് നേടി. പത്താം വിക്കറ്റിൽ ജൂലന്‍ ഗോസ്വാമിയും പൂനം യാദവും കൂടി നേടിയ 29 റൺസാണ് ഇന്ത്യയുടെ സ്കോര്‍ 221 റൺസിലേക്ക് എത്തിച്ചത്.

ഗോസ്വാമി 19 പന്തിൽ 20 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 10 റൺസ് നേടിയ പൂനം യാദവ് അവസാന വിക്കറ്റായി പുറത്തായി.