145 വർഷത്തെ പുരുഷ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ കാണാത്ത ഒരു റെക്കോർഡ് ഇന്ന് പാകിസ്താൻ vs ന്യൂസിലൻഡ് ടെസ്റ്റിൽ പിറന്നു. ഇന്ന് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടെൽ ആണ് അപൂർവ്വ നിമിഷം സൃഷ്ടിച്ചത്ൻ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ ആദ്യ രണ്ട് വിക്കറ്റുകളും സ്റ്റമ്പിംഗ് ആയിരുന്നു എന്നതാണ് റെക്കോർഡ്. പുരുഷ ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം.
ഇന്ന് കിവീസ് ക്യാപ്റ്റൻ ടിം സൗത്തി വെറ്ററൻ സ്പിന്നർ അജാസ് പട്ടേലിനെ മത്സരത്തിന്റെ നാലാം ഓവറിൽ തന്നെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. താമസിയാതെ അബ്ദുള്ള ഷഫീഖിനെ അജാസിന്റെ പന്തിൽ ബ്ലണ്ടെൽ സ്റ്റംപ് ചെയ്തു പുറത്താക്കി.
പിന്നീട് വെറും മൂന്ന് ഓവറുകൾക്ക് ശേഷം കിവീസ് ഷാൻ മസൂദിനെയും സ്റ്റമ്പിംഗിലൂടെ പുറത്താക്കി. മൈക്കൽ ബ്രേസ്‌വെല്ലിന്റെ ബൗളിംഗിൽ ആയിരുന്നു ബ്ലണ്ടെൽ സ്റ്റംപ് ചെയ്തത്.
ടെസ്‌റ്റിലെ ആദ്യ രണ്ട് പുറത്താക്കലുകളും സ്റ്റംപിങ്ങുകളാകുന്ന ആദ്യ ടെസ്റ്റ് ആയി ഇത് മാറി. ഇത് രണ്ടാം തവണയാണ് ടെസ്റ്റ് ചരിത്രത്തിൽ ആകെ ഇത് സംഭവിക്കുന്നത്, 1976 ൽ ജമൈക്കയിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള വനിതാ ടെസ്റ്റും രണ്ട് സ്റ്റംപിംഗ് പുറത്താക്കലുകളോടെയായിരുന്നു ആരംഭിച്ചത്.