2002ലെ കറാച്ചി സ്ഫോടനത്തിന് ശേഷം ന്യൂസിലാണ്ട് താരങ്ങള്‍ കരയുന്നത് താന്‍ കണ്ടു

- Advertisement -

ന്യൂസിലാണ്ടിലെ 2002 പാക്കിസ്ഥാന്‍ പരമ്പര പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം നടക്കേണ്ട കറാച്ചിയില്‍ സ്ഫോടനം നടന്നതിനെത്തുടര്‍ന്ന് ന്യൂസിലാണ്ട് പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്‍സമാം ഉള്‍ ഹക്ക് അന്നത്തെ ദാരുണ സംഭവങ്ങള്‍ ഓര്‍ത്ത് പങ്കുവയ്ക്കുകയായിരുന്നു തന്റെ യൂട്യൂബ് ചാനലില്‍.

താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന് വളരെ അടുത്തായിരുന്നു ഈ സ്ഫോടനം നടന്നത്. അതിന് ശേഷം ഭയപ്പെട്ട് ന്യൂസിലാണ്ട് താരങ്ങള്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ കരയുന്നത് താന്‍ കണ്ടിരുന്നുവെന്ന് ഇന്‍സമാം പറഞ്ഞു. ലാഹോറിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ഈ സ്ഫോടനം നടക്കുന്നത്. ഭാഗ്യത്തിന് താരങ്ങള്‍ക്കാര്‍ക്കും തന്നെ പരിക്ക് പറ്റിയില്ലെങ്കിലും പലരും താമസിച്ചിരുന്ന പല റൂമുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഇന്‍സമാം പറഞ്ഞു.

തന്റെ റൂം സ്ഫോടനം നടന്ന വശത്തായിരുന്നതിനാല്‍ അതിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് പോയെന്നും ഇന്‍സമാം വ്യക്തമാക്കി. ആ വശത്ത് ഉള്ള റൂമുകള്‍ക്കെല്ലാം അത് സംഭവിച്ചുവെന്നും താന്‍ താഴേക്ക് ഓടിച്ചെന്നപ്പോള്‍ അവിടെയാണ് സ്വിമ്മിംഗ് പൂളില്‍ ന്യൂസിലാണ്ട് താരങ്ങള്‍ കരയുന്നത് കണ്ടതെന്നും ഇന്‍സമാം വ്യക്തമാക്കി.

ഈ സംഭത്തിന് ശേഷം ഉടന്‍ തന്നെ ന്യൂസിലാണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെന്നും പരമ്പര ഉപേക്ഷിച്ചുവെന്നും ഇന്‍സമാം വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഉറക്കം നേരെ കിട്ടിയില്ലെന്നും ഇന്‍സമാം സൂചിപ്പിച്ചു. തന്റെ കരിയറിലെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായിരുന്നു ലാഹോറിലേതെന്നും അന്ന് 329 റണ്‍സ് നേടിയ ഇന്‍സമാം പറഞ്ഞു.

ഇത് തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറായി മാറിയെന്നും എന്നാല്‍ ഈ സ്ഫോടനവും പരമ്പര ഉപേക്ഷിച്ചതുമെല്ലാം താന്‍ എന്ന് ഈ ഇന്നിംഗ്സിനെക്കുറിച്ച് ഓര്‍ത്താലും ഒപ്പം വരുന്നുവെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.

Advertisement