ടി20 ക്രിക്കറ്റില്‍ താന്‍ ഇഷ്ടപ്പെടുന്ന സ്ലോട്ട് ഓപ്പണിംഗ് ആണെന്ന് പറഞ്ഞ് ജോസ് ബട്ലര്. ഇന്നലെ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ 83 റണ്‍സ് നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് ബട്ലര്. എന്നാല്‍ ടീമിന്റെ ആവശ്യം അനുസരിച്ച് താന്‍ ഏത് നമ്പറിലും ബാറ്റ് ചെയ്യുവാന്‍ സന്നദ്ധനാണെന്നും ഒരു ടീം പ്ലേയര്‍ എന്ന നിലയില്‍ ടീം പറയുന്ന ഏത് പൊസിഷനിലും താന്‍ ബാറ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും ചെയ്യുമെന്നും താരം വ്യക്തമാക്കി.
തനിക്ക് മാത്രമല്ല ടി20യില്‍ പലരും ഓപ്പണ്‍ ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഏതെങ്കിലും ടീം തന്നോട് വേറെ സ്ഥലത്ത് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അത് തുറന്ന മനസ്സോടെയാണ് സമീപിക്കുന്നതെന്നും ജോസ് ബട്ലര് വ്യക്തമാക്കി. ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന് താന്‍ ഓപ്പണ്‍ ചെയ്യണമെന്ന പക്ഷക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ഈ വിഷയത്തില്‍ തനിക്ക് വേണ്ടുവോളം ലഭിയ്ക്കുന്നുണ്ടെന്നും ബട്ലര് സൂചിപ്പിച്ചു.
തന്നെ മാത്രമല്ല ടീമിലെ ഓരോ താരത്തില്‍ നിന്നും ഓയിന്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യവും വ്യക്തവുമായി ആ താരങ്ങളോട് അറിയിക്കുന്ന വ്യക്തിയാണ് ഇംഗ്ലണ്ട് നായകനെന്നും അദ്ദേഹത്തിന് ഇപ്പോള്‍ താന്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ജോസ് ബട്ലര് പറഞ്ഞു.