പിഴവുകള്‍ അനവധി, ജോസ് ബട്‍ലറുടെ സ്ഥാനം നഷ്ടമാകുമോ?

ഇംഗ്ലണ്ട് ടീമില്‍ ജോസ് ബട്‍ലറുടെ സ്ഥാനം നഷ്ടമായേക്കുമോ അടുത്ത ടെസ്റ്റില്‍ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. താരം വിന്‍ഡീസിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും താരം കഴിഞ്ഞ കുറേ നാളായി അധികം റണ്‍സ് കണ്ടെത്തുന്നില്ല. കഴിഞ്ഞ ആഷസ് മുതല്‍ താരത്തിന്റെ ആവറേജ് വെറും 23.16 റണ്‍സാണ്. ഇത് കൂടാതെ താരം കഴിഞ്ഞ ദിവസം പല അവസങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഡൊമിനിക്ക് ബെസ്സിന്റെ ബൗളിംഗില്‍ ഷാന്‍ മക്സൂദിന്റെ ക്യാച്ച് കൈവിട്ട താരം പിന്നീട് ഏതാനും ഓവറുകള്‍ക്ക് ശേഷം വീണ്ടും ഡൊമിനിക് ബെസ്സിന്റെ ഓവറില്‍ ഷാന്‍ മക്സൂദിന്റെ സ്റ്റംപിംഗ് ചാന്‍സ് കളയുകയായിരുന്നു. ഇതെല്ലാം താരത്തിന്റെ ടീമിലെ സ്ഥാനത്തിന് വലിയ പ്രശ്നം സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ സറേയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെന്‍ ഫോക്സ് ഉണ്ട്. ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് ഫോക്സിനെ വിലയിരുത്തപ്പെടുന്നത്. ബട്‍ലറുടെ ഈ മോശം ഫോമും വരുത്തുന്ന പിഴവുകളും പരിഗണിക്കുകയാണെങ്കില്‍ ടീം മാനേജ്മെന്റ് അടുത്ത മത്സരത്തില്‍ ബെന്‍ ഫോക്സിന് അവസരം നല്‍കുവാന്‍ സാധ്യതയുണ്ട്.