പാക് മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് വിജയമെന്ന ലക്ഷ്യത്തിന് ഏറെ അടുത്തായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ ജോസ് ബട‍്ലര്‍ – ക്രിസ് വോക്സ് കൂട്ടുകെട്ട് ക്രീസിലെത്തുന്നത് വരെ അതിശക്തമായി നിലകൊണ്ട പാക്കിസ്ഥാന്‍ മോഹങ്ങള്‍ കരിഞ്ഞൊടുങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ കുറിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 117/5 എന്ന ശ്രമകരമായ സാഹചര്യത്തില്‍ നിന്ന് ലക്ഷ്യത്തിന് വളരെ അടുത്തേക്ക് ഈ കൂട്ടുകെട്ട് ടീമിനെകൊണ്ടെത്തിച്ചു.

139 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചത്. ലക്ഷ്യത്തിന് 21 റണ്‍സ് അകലെ ജോസ് ബട്‍ലറിനെ വീഴ്ത്തുവാന്‍ പാക്കിസ്ഥാന് സാധിച്ചു. 75 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. വിജയം 4 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിനെയും യസീര്‍ ഷാ വീഴ്ത്തി.

തൊട്ടടുത്ത ഓവറില്‍ ക്രിസ് വോക്സിന്റെ എഡ്ജ് ബൗണ്ടറിയിലേക്ക് പോയി ഇംഗ്ലണ്ട് വീജയത്തിലേക്ക് എത്തുകയായിരുന്നു. വോക്സ് 84 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷാ നാല് വിക്കറ്റ് നേടി. 82.1 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം.