ഫോമിലേക്ക് തിരിച്ചെത്തി ബൈര്‍സ്റ്റോ, അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 145 റണ്‍സ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യില്‍ 145 റണ്‍സ് നേടി ഇംഗ്ലണ്ട്. ജോസ് ബട്‍ലറുടെ അഭാവത്തില്‍ ഓപ്പണിംഗിലേക്ക് എത്തിയ ടോം ബാന്റണ്‍ പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി ബൈര്‍സ്റ്റോയും 21 റണ്‍സ് നേടിയ ദാവീദ് മലനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടി 49 റണ്‍സാണ് ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

പിന്നീട് ബൈര്‍സ്റ്റോ സാം ബില്ലിംഗ്സുമായി(4) 23 റണ്‍സും മോയിന്‍ അലിയുമായി 18 റണ്‍സും നേടിയ ശേഷമാണ് പുറത്താകുന്നത്. മോയിന്‍ അലി 23 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി ആഡം സംപ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹാസല്‍വുഡ്, സ്റ്റാര്‍ക്ക്, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്നിംഗ്സിന്റെ അവസാനത്തോടെ 29 റണ്‍സ് നേടിയ ജോ ഡെന്‍ലിയുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്. 6 വിക്കറ്റാണ് ടീമിന് നഷ്ടമായത്.