ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ ന്യൂ ബോള്‍ ബൗളിംഗിനെ നേരിടുമ്പോള്‍ ഇനിയും മെച്ചപ്പെടുവാനുണ്ട്

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ ന്യൂ ബോള്‍ ബൗളിംഗിനെ അതിജീവിക്കുകയാണെങ്കില്‍ ന്യൂസിലാണ്ടിനെതിരെ വിജയം നേടുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് ടീമിന്റെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ്. ന്യൂസിലാണ്ടിനെതിരെ ഈ ഒരു വിഷയത്തില്‍ മികവ് പുലര്‍ത്തിയാല്‍ ടീമിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ലൂയിസ് പറഞ്ഞത്.

ആദ്യ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ട ബംഗ്ലാദേശ് ബാറ്റിംഗ് രണ്ടാം മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. ന്യൂസിലാണ്ടിനെതിരെ അവരുടെ നാട്ടില്‍ 15ാം തോല്‍വിയാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. വിദേശത്ത് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ ന്യൂ ബോളിനെയും ബൗണ്‍സിനെയും നേരിടുന്നത്തില്‍ മികവ് പുലര്‍ത്തിയാല്‍ കാര്യങ്ങള്‍ ടീമിന് കൂടുതല്‍ എളുപ്പമാവുമെന്ന് ജോണ്‍ ലൂയിസ് വ്യക്തമാക്കി.

തുടക്കത്തില്‍ തന്നെ അധികം വിക്കറ്റുകള്‍ നഷ്ടമാകാതെ ന്യൂബോളിനെ നേരിട്ട് കഴിഞ്ഞാല്‍ തന്നെ പിന്നീട് വരുന്ന ബാറ്റ്സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും ലൂയിസ് സൂചിപ്പിച്ചു. ക്രൈസ്റ്റ്ചര്‍ച്ചില്‍ വളരെ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ടീം പുറത്തെടുത്തതെന്നും ഇനിയുള്ള മത്സരങ്ങളിലും അതുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലൂയിസ് അഭിപ്രായപ്പെട്ടു.