കന്നിക്കാരനായി ജോണ്‍ കാംപെല്‍, പരിക്ക് വരുത്തിയ മാറ്റങ്ങളുമായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു. പരിക്കേറ്റ് എവിന്‍ ലൂയിസിനും ഓള്‍റൗണ്ടര്‍മാരായ കീമോ പോള്‍, റോവ്മന്‍ പവല്‍ എന്നിവര്‍ക്ക് പകരം ജോണ്‍ കാംപെല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കാംപെല്‍ ടീമിലേക്ക് ആദ്യമായാണ് എത്തുന്നത്. അടുത്തിടെ മാത്രമാണ് വിന്‍ഡീസിനു വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കാംപെല്‍ നടത്തിയത്. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിന്‍ഡീസിനു വേണ്ടി ഓപ്പണര്‍ 176 റണ്‍സാണ് നേടിയത്.

ഫെബ്രുവരി 20നാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രണ്ടാം മത്സരം ഫെബ്രുവരി 22നു നടക്കും. ഇരു മത്സരങ്ങളും ബാര്‍ബഡോസിലാണ് നടക്കുന്നത്. മത്സരത്തില്‍ നേരത്തെ പ്രഖ്യാപിച്ച ടീമില്‍ മൂന്ന് താരങ്ങള്‍ക്ക് പരിക്കേറ്റതാണ് ടീമിനു തിരിച്ചടിയായി മാറിയിരിക്കുന്നത്. എന്നാല്‍ പകരം താരങ്ങളെല്ലാം മികച്ചവരാണെന്നാണ് വിന്‍ഡീസ് ടീം മാനേജ്മെന്റ് പറയുന്നത്.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അല്ലെന്‍, ദേവേന്ദ്ര ബിഷൂ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഡാരെന്‍ ബ്രാവോ, ജോണ്‍ കാംപെല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, ആഷ്‍ലി നഴ്സ്, നിക്കോളസ് പൂരന്‍, കെമര്‍ റോച്ച്, ഒഷെയ്ന്‍ തോമസ്