ജോഫ്രയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍: മോര്‍ഗന്‍

- Advertisement -

ഇംഗ്ലണ്ടിനായി കളിക്കാന്‍ യോഗ്യത നേടുന്ന ദിവസം വന്നെത്തിക്കഴിഞ്ഞാല്‍ ജോഫ്ര ആര്‍ച്ചറിന്റെ കാര്യത്തിലുള്ള തീരുമാനം ഇംഗ്ലണ്ട് ഉടനെയെടുക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ജോഫ്ര ഇംഗ്ലണ്ടിനായി ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മോര്‍ഗന്‍ പറഞ്ഞത്. വലിയ പേരും പെരുമയുമുള്ള താരമാണ് ജോഫ്ര ആര്‍ച്ചര്‍. ചെറു പ്രായത്തില്‍ തന്നെ മികച്ച പ്രതിഭയാണ് താരം. ലോകത്തെ വിവിധ ടൂര്‍ണ്ണമെന്റുകളിലായി കഴിവ് തെളിയിച്ചിട്ടുള്ള താരമായ ജോഫ്ര ബിഗ് ബാഷിലും ഐപിലഎലിലും തിളങ്ങിയിട്ടുണ്ട്.

താരം ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ എന്ന് യോഗ്യത നേടുമോ അതിനു ശേഷം ഉടന്‍ തന്നെ താരം ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്നതില്‍ ടീം മാനേജ്മെന്റ് തീരുമാനം എടുക്കുമെന്ന് മോര്‍ഗന്‍ പറഞ്ഞു. എന്തായിരിക്കും ആ തീരുമാനമെന്ന് വെളിപ്പെടുത്തുവാന്‍ മോര്‍ഗന്‍ തയ്യാറായില്ല. മറ്റു വശങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമായിരിക്കും താരത്തെ പരിഗണിക്കുക എന്ന് മോര്‍ഗന്‍ പറഞ്ഞു.

പേസും അവസാന ഓവറുകളിലെ ബൗളിംഗുമാണ് ജോഫ്രയുടെ കഴിവ്. അത് പോലെ തന്നെ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാനുള്ള രണ്ട് താരങ്ങള്‍ ഇംഗ്ലണ്ടിനു നിലവില്‍ തന്നെയുണ്ട്. മാര്‍ക്ക് വുഡും ലിയാം പ്ലങ്കറ്റും അതേ കഴിവുള്ള താരങ്ങളാണ്.

Advertisement