ബുംറയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് ശുപാര്‍ശയുമായി ബിസിസിഐ, രണ്ടാമത്തെ പേരായി ശിഖര്‍ ധവാനും പരിഗണനയില്‍

വനിത വിഭാഗത്തില്‍ ശിഖ പാണ്ടയെയും ദീപ്തി ശര്‍മ്മയെയും അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത ബിസിസിഐ പുരുഷ വിഭാഗത്തില്‍ നിര്‍ദ്ദേശിക്കുവാന്‍ പോകുന്നത് ജസ്പ്രീത് ബുംറയെ എന്ന് സൂചന. രണ്ടാമത്തെ പേരായി ശിഖര്‍ ധവാനെയും പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്ന വിവരം. കഴിഞ്ഞ വര്‍ഷം സീനിയോറിറ്റി കാരണം മാത്രമാണ് ജസ്പ്രീത് ബുംറയ്ക്ക് നാമനിര്‍ദ്ദേശം നഷ്ടമായത്. കഴിഞ്ഞ തവണ ബുംറയ്ക്ക് പകരം ജഡേജയെയാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

ഒരു താരത്തിന്റെ പേരാണ് അയയ്ക്കുന്നതെങ്കില്‍ അത് ജസ്പ്രീത് ബുംറ മാത്രമാവും ബിസിസിഐ പട്ടികയിലുണ്ടാകുക. ഒരാള്‍ക്ക് കൂടി അവസരം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ ഇന്ത്യയുടെ സീനിയര്‍ താരവും ഓപ്പണറുമായ ശിഖര്‍ ധവാന്‍ പരിഗണിക്കപ്പെട്ടേക്കാം.

മൂന്ന് വര്‍ഷമെങ്കിലും അന്താരാഷ്ട്ര നിലയില്‍ കളിച്ച് പരിചയം വേണമെന്നാണ് സെലക്ഷന്‍ മാനദണ്ഡം. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം ബുംറയുടെ നാമം നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും രണ്ട് വര്‍ഷം മാത്രം പരിചയസമ്പത്തുള്ള താരം പിന്തള്ളപ്പെടുകയായിരുന്നുവെന്നും ഐസിസിയുടെ ഒന്നാം റാങ്ക് ബൗളറായി കുറെ ഏറെ നാള്‍ ചെലവഴിക്കുവാന്‍ സാധിച്ച ബുംറ കുറച്ച് നാളായി മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്.