വിന്‍ഡീസ് മൂന്നാം ടെസ്റ്റിനെത്തുക സ്ഥിരം നായകനില്ലാതെ

- Advertisement -

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയിച്ചുവെങ്കിലും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമിന്റെ മൂന്നാം ടെസ്റ്റില്‍ മത്സരിക്കില്ല. കുറഞ്ഞ ഓവര്‍ നിരക്കിനു താരത്തെ വിലക്കിക്കൊണ്ടുള്ള ഐസിസി പ്രഖ്യാപനം എത്തിയതോടെയാണ് ഇത്. ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിലാണ് വിന്‍ഡീസ് കൃത്യ സമയത്തിനു പന്തെറിഞ്ഞ് തീര്‍ക്കാതിരുന്നത്. ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ മൂന്നാം ടെസ്റ്റില്‍ നയിക്കും. ഇതിനു മുമ്പ് നാല് ടെസ്റ്റുകളില്‍ വിന്‍ഡീസിനെ നയിച്ച താരമാണ് ക്രെയിഗ് ബ്രാത്‍വൈറ്റ്.

ഡിസംബര്‍ 2017ല്‍ ന്യൂസിലാണ്ടിനെതിരെയും സമാനമായ സ്ഥിതിയില്‍ ഹോള്‍ഡറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് താരത്തിനെതിരെ നടപടി വരുന്നത്. പരമ്പരയില്‍ നിര്‍ണ്ണായകമായ പ്രകടനമാണ് ഹോള്‍ഡര്‍ ആദ്യ രണ്ട് മത്സരങ്ങളിലായി പുറത്തെടുത്തത്. 202 റണ്‍സ് നേടി അപരാജിതനായി നിന്ന താരം ആന്റിഗ്വയില്‍ 4 വിക്കറ്റും നേടിയിരുന്നു.

2009നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം വിന്‍ഡീസ് സ്വന്തമാക്കുന്നത്. ഫെബ്രുവരി 9നു സെയിന്റ് ലൂസിയയിലാണ് മൂന്നാമത്തെ ടെസ്റ്റ് ആരംഭിക്കുക.

Advertisement