ഏകദിന പരമ്പരയില്‍ ഒപ്പം പിടിച്ച് അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും

- Advertisement -

അഫ്ഗാനിസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ ഏകദിന പരമ്പരയില്‍ 2-2നു ഒപ്പം പിടിക്കുവാന്‍ അയര്‍ലണ്ടിനായി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ട് അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 216/6 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

82 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 40 റണ്‍സും റഷീദ് ഖാന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നുമാണ് ടീമിനെ 216 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിനു വേണ്ടി ജോര്‍ജ്ജ് ഡോക്രെല്‍ 2 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(17) പുറത്തായെങ്കിലും അയര്‍ലണ്ടിന്റെ വിജയത്തിനു അടിത്തറ പാകിയ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ്-ആന്‍ഡ്രൂ ബാല്‍ബിര്‍ണേ കൂട്ടുകെട്ട് നേടിയത്. 70 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് സഖ്യം നേടിയിരുന്നു.

സിമി സിംഗ് വേഗത്തില്‍ പുറത്തായെങ്കിലും കെവിന്‍ ഒബ്രൈന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്ക് മികച്ച പിന്തുണ നല്‍കി. 68 റണ്‍സ് നേടിയ ആന്‍ഡ്രുവിനെ മുജീബ് പുറത്താക്കിയപ്പോള്‍ കെവിന്‍ 33 റണ്‍സുമായി പുറത്താകാതെ വിജയത്തിലേക്ക് അയര്‍ലണ്ടിനെ നയിച്ചു. സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ വിജയത്തിലേക്ക് അയര്‍ലണ്ടിന്റെ യാത്രയെ തടയാന്‍ അഫ്ഗാനിസ്ഥാനായില്ല.

Advertisement