ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ ചാമ്പ്യന്മാരാക്കി. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 186 റണ്‍സാണ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അവസാന ഓവറില്‍ 15 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്കോട്‍ലാന്‍ഡിന് 13 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ലക്ഷ്യം മൂന്ന് റണ്‍സായെങ്കിലും രണ്ടാം റണ്ണിന് ശ്രമിക്കുന്നതിനിടയില്‍ വാല്ലെസ് റണ്ണൗട്ടായത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി കെവിന്‍ ഒബ്രൈന്‍ 63 റണ്‍സ് നേടിയപ്പോള്‍ ഗാരി വില്‍സണ്‍(31), ഗാരെത്ത് ഡെലാനി(25), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(20) എന്നിവരും റണ്‍സ് കണ്ടെത്തി. പത്തോവറില്‍ 114 റണ്‍സിലേക്ക് കുതിച്ച അയര്‍ലണ്ടിന് പക്ഷേ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ 186/9 എന്ന സ്കോറെ നേടാനായുള്ളു. സ്കോട്‍ലാന്‍ഡിന് വേണ്ടി ആഡ്രിയന്‍ നീല്‍, സഫ്യാന്‍ ഫെറീഫ്, ടോം സോള്‍, ഹംസ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാത്യു ക്രോസ് പുറത്താകാതെ 66 റണ്‍സും റിച്ചി ബെറിംഗ്ടണ്‍ 76 റണ്‍സും നേടി മൂന്നാം വിക്കറ്റില്‍ നിലയുറപ്പിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡ് വിജയം ഉറപ്പാക്കിയതായിരുന്നു. 16.5 ഓവറില്‍ സ്കോര്‍ 158ല്‍ നില്‍ക്കെ റിച്ചി പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ലക്ഷ്യം 28 റണ്‍സ് അകലെ മാത്രം നില്‍ക്കെയാണ് 43 പന്തില്‍ നിന്ന് 7 ഫോറും 5 സിക്സും സഹിതം നേടിയ റിച്ചി ബെറിംഗ്ടണ്‍ പുറത്തായത്.

മാത്ു ക്രോസ് 66 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും പിന്നീട് മൂന്ന് വിക്കറ്റുകള്‍ കൂടി ശേഷിക്കുന്ന ഓവറുകളില്‍ നഷ്ടമായപ്പോള്‍ സ്കോട്‍ലാന്‍ഡ് ഇന്നിംഗ്സിന്റെ താളം തെറ്റുകയായിരുന്നു. 185 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിച്ചതോടെ ഒരു റണ്‍സ് ജയവും പരമ്പരയും അയര്‍ലണ്ട് സ്വന്തമാക്കി.

പരമ്പരയിലെ മൂന്നാമത്തെ ടീം നെതര്‍ലാണ്ട്സ് ആയിരുന്നു.