അയര്‍ലണ്ടിനു രണ്ടാം ജയം, ഇത്തവണ 67 റണ്‍സിനു

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുഎഇയെ പരാജയപ്പെടുത്തി അയര്‍ലണ്ട്. ത്രിരാഷ്ട്ര പരമ്പരയില്‍ ഇരു ടീമുകളും രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ 67 റണ്‍സിനാണ് ഇത്തവണ അയര്‍ലണ്ട് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50 ഓവറില്‍ 301/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ യുഎഇ 234 റണ്‍സിനു ഓള്‍ഔട്ട് ആയി.

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(139), ആന്‍ഡ്രൂ ബാര്‍ബിര്‍ണേ(102) എന്നിവരുടെ ശതകങ്ങളാണ് മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടാന്‍ അയര്‍ലണ്ടിനെ സഹായിച്ചത്. യുഎഇ നായകന്‍ രോഹന്‍ മുസ്തഫ 2 വിക്കറ്റും സഹൂര്‍ ഖാന്‍, മുഹമ്മദ് നവീദ്, ഖാദീര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്കായി റമീസ് ഷഹ്സാദ്(50), മുഹമ്മദ് ഉസ്മാന്‍(44) എന്നിവരാണ് മികവ് തെളിയിച്ചത്. മറ്റു ചില യുഎഇ ബാറ്റ്സ്മാന്മാര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും 20കളില്‍ പുറത്താകുവാനായിരുന്നു അവരുടെ വിധി.

കെവിന്‍ ഒ ബ്രൈന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ബാരി മക്കാര്‍ത്തി, ആന്‍ഡി മക്ബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ ചേസ്, ജോര്‍ജ്ജ് ഡോക്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement