മുംബൈ ഇന്ത്യന്‍സിനോട് നന്ദിയറിയിച്ച് യുവി

ഐപിഎല്‍ 2019ല്‍ തനിയ്ക്ക് അവസരം നല്‍കിയതില്‍ നന്ദി അറിയിച്ച് യുവരാജ് സിംഗ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം പങ്കുവെച്ചത്. കൂട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയോട് ഉടനെ കാണാമെന്ന് പറയുകയും ചെയ്യുന്നുണ്ട് യുവരാജ് സിംഗ്.

ലേലത്തിന്റെ ആദ്യ റൗണ്ടില്‍ യുവരാജ് സിംഗിനെ സ്വന്തമാക്കുവാന്‍ ടീമുകള്‍ വിമുഖത കാണിച്ചിരുന്നു. രണ്ടാമത് അവസരം വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ അടിസ്ഥാന വിലയായി ഒരു കോടി രൂപ നല്‍കി യുവരാജിനെ മുംബൈ പാളയത്തില്‍ എത്തിച്ചു.

യുവി ആരാധകര്‍ കൂട്ടത്തോടെ മുംബൈ പാളയത്തിലേക്ക് ചേക്കേറുമെന്ന് വേണം ട്വീറ്റിന്റെ സ്വീകാര്യത കണക്കിലാക്കുമ്പോള്‍ മനസ്സിലാക്കേണ്ട്. പ്രതാപ കാലത്ത് ഇന്ത്യയുടെ യുവരാജാവ് എന്ന് വാഴ്ത്തപ്പെട്ട താരത്തെ മുംബൈ ആരാധകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.