സൂപ്പര്‍ കിംഗ്സിനു കളിക്കാനാകാത്തതില്‍ ചെറിയ വിഷമമുണ്ട്

- Advertisement -

ചെന്നൈയില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാനാകാത്തതില്‍ അല്പം വിഷമമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2009ല്‍ ചെന്നൈ സ്വന്തമാക്കിയ താരം പിന്നീട് 2015 വരെ ടീമിനൊപ്പമായിരുന്നു. ചെന്നൈ ഐപിഎലില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പൂനെ ടീം അശ്വിനെ സ്വന്തമാക്കിയിരുന്നു.

ഐപിഎലില്‍ ചെന്നൈ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ അശ്വിന്‍ ഉണ്ടായിരുന്നില്ല. എന്ത് വില കൊടുത്തും അശ്വിനെ തിരികെ ടീമിലെത്തിക്കുമെന്ന് ധോണി പറഞ്ഞുവെങ്കിലും പിന്നീട് ലേലത്തില്‍ വില 7.6 കോടി വരെ എത്തിയപ്പോള്‍ അശ്വിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ചെന്നൈ ഉപേക്ഷിക്കുകയായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്.

വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് അശ്വിന്‍ തന്റെ വിഷമം പങ്കുവെച്ചത്. ലേലത്തില്‍ എന്ത് സംഭവിക്കുമെന്നത് അപ്രവചനീയമാണ് എന്നിരുന്നാലും തിരികെ ചെപ്പോക്കിലേക്ക് മടങ്ങിയെത്താനാകില്ല എന്നതോര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. സൂപ്പര്‍ കിംഗ്സിനായി 90 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement