ബാറ്റിംഗ് ദുഷ്കരം, 120 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒതുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷാര്‍ജ്ജയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 32 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

Sandeepsharma

മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയും(5) വിരാട് കോഹ്‍ലിയെയും(7) ആദ്യ ഓവറുകളില്‍ തന്നെ പുറത്താക്കി സന്ദീപ് ശര്‍മ്മയാണ് സണ്‍റൈസേഴ്സ് ആഗ്രഹിച്ച ബൗളിംഗ് തുടക്കം ടീമിന് നല്‍കിയത്. എബി ഡി വില്ലിയേഴ്സിന്റെ വ്യക്തിഗത സ്കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ സ്വന്തം ബൗളിംഗില്‍ ഷഹ്ബാസ് നദീം കൈവിട്ടുവെങ്കിലും അത് സണ്‍റൈസേഴ്സിനെ അധികം ബാധിച്ചില്ല.

മൂന്നാം വിക്കറ്റില്‍ എബിഡിയും ജോഷ് ഫിലിപ്പേയും ചേര്‍ന്ന് 43 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും നദീം തന്നെ എബിഡിയെ പുറത്താക്കി സണ്‍റൈസേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കി. 24 പന്തില്‍ നിന്ന് 24 റണ്‍സാണ് എബിഡി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജോഷ് ഫിലിപ്പേയെയും പുറത്താക്കി റഷീദ് ഖാനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ആര്‍സിബി 76/4 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ വാഷിംഗ്ടണ്‍ സുന്ദറും ഗുര്‍കീരത് സിംഗ് മന്നും ചേര്‍ന്നാണ് ബാംഗ്ലൂരിനെ നൂറ് കടത്തിയത്. വാഷിംഗ്ടണ്‍ സുന്ദറിനെ(21) പുറത്താക്കി നടരാജന്‍ ആണ് 30 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത്. അതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി.

ക്രിസ് മോറിസിനെയും ഇസ്രു ഉഡാനയെയും ഒരേ ഓവറില്‍ പുറത്താക്കി ജേസണ്‍ ഹോള്‍ഡറും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഗുര്‍കീരത്ത് സിംഗ് പുറത്താകാതെ 15 റണ്‍സ് നേടിയപ്പോള്‍ ബാംഗ്ലൂര്‍ 120 റണ്‍സിലേക്ക് എത്തി.