ധോണിയുടെ വിക്കറ്റ് നേടിയ ശേഷം തന്നെ ചെന്നൈയ്ക്കെതിരെ കളിക്കുവാന്‍ ടീം മാനേജ്മെന്റ് സമ്മതിച്ചില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2013 ഐപിഎലിനിടെ ശ്രീശാന്ത് തനിക്കെതിരെ പൊട്ടിത്തെറിച്ചുവെന്ന് രാജസ്ഥാന്റെ അന്നത്തെ കോച്ച് പാഡ് അപ്ടണ്‍ തന്റെ ആത്മ കഥയില്‍ എഴുതിയിരുന്നു. ചെന്നൈയ്ക്കെതിരെയുള്ള കളിയില്‍ നിന്ന് ശ്രീശാന്തിനെ പുറത്തിരുത്തിയതിന് താരം തന്നെയും അന്നത്തെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും അസഭ്യം പറ‍ഞ്ഞുവെന്ന് പാഡി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് സംഭവിച്ച് പിറ്റേ ദിവസമാണ് ശ്രീശാന്തിനെ സ്പോട്ട് ഫിക്സിംഗിന് അറസ്റ്റ് ചെയ്യുന്നത്. മെയ് 16 2013നാണ് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പാഡി പറഞ്ഞതെല്ലാം തെറ്റാണെന്നാണ് ശ്രീശാന്ത് പറയുന്നത്. താന്‍ ഒരിക്കലും രാഹുല്‍ ദ്രാവിഡിനെ പോലൊരു വ്യക്തിതത്വത്തെ അവഹേളിക്കില്ലെന്നും താന്‍ കളിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ദ്രാവിഡെന്നും ശ്രീശാന്ത് പറഞ്ഞു.

ടീമില്‍ ഇടം ലഭിക്കാത്തതിന് തനിക്ക് അരിശമുണ്ടായിരുന്നുവെന്നും അതിന്റെ കാരണം മാത്രമാണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഡര്‍ബനിലെ മത്സരത്തില്‍ താന്‍ ധോണിയുടെ വിക്കറ്റ് നേടിയിരുന്നു. ആ മത്സരത്തിന് ശേഷം തനിക്ക് പിന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കുവാന്‍ അവസരം ലഭിച്ചില്ലെന്നും അതിനുള്ള കാരണം ആണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

അല്ലാതെ പാഡി അപ്ടണ്‍ പറയുന്നത് പോലെ തനിക്ക് ധോണിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയോ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ മികച്ച അന്താരാഷ്ട്ര കരിയര്‍ ഇല്ലാത്തതിനാല്‍ പാഡി അപ്ടണെ ടീമിലെ വേറെ ചില കളിക്കാര്‍ ബഹുമാനിച്ചിരുന്നില്ലെന്നും എന്നാല്‍ അതൊന്നും പാഡി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

താന്‍ പാഡിയുമായി മികച്ച രീതിയില്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം ഇങ്ങനെയെല്ലാം എഴുതിയതിന്റെ പിന്നിലെ കാരണം അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും ശ്രീശാന്ത് വ്യക്തമാക്കി.