താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി തുടര്‍ന്നും കളിയ്ക്കും, വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരവ് ലക്ഷ്യം

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി അടുത്ത സീസണിലും കളിയ്ക്കാനുണ്ടാകുമെന്ന് പറഞ്ഞ് അമ്പാട്ടി റായിഡു. തന്റെ ഇപ്പോളത്തെ മുന്‍ഗണന മികച്ച ഫോമിലും മികച്ച ഫിറ്റ്നെസ്സും നേടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഐപിഎലില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണെന്ന് ചെന്നൈ താരം പറഞ്ഞു.

ഇക്കഴിഞ്ഞ ലോകകപ്പ് ടീമില്‍ ഇടം ലഭിയ്ക്കാതിരുന്ന താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റപ്പോളും തന്നെ സെലക്ടര്‍മാര്‍ പരിഗണിക്കാത്തതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. താന്‍ സെലക്ടര്‍മാരുടെ തീരുമാനത്തില്‍ അരിശംകൊണ്ടല്ല വിരമിച്ചതെന്നും തനിക്ക് ലോകകപ്പ് സ്ക്വാഡിലേക്ക് ഇടം നേടാനാകാത്ത നിരാശ കാരണമാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നും റായിഡു പറഞ്ഞു.

താന്‍ വിദേശ ടി20 ലീഗുകളില്‍ കളിയ്ക്കില്ലെന്നും 33 വയസ്സുകാരന്‍ കൂട്ടിചേര്‍ത്തു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് താരം വിരമിച്ചതെങ്കിലും പിന്നീട് തീരുമാനം പുനഃപരിശോധിച്ചാണ് ഐപിഎല്‍ കളിക്കാമെന്ന തീരുമനത്തിലേക്ക് താരമെത്തിയത്. ഇന്ത്യയ്ക്കായി കളിക്കുന്നതിനായി ടി20യില്‍ മടങ്ങിയെത്തുമോ എന്ന് ചോദിച്ചപ്പോള്‍ അത്രത്തോളം താനിപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും താരം അഭിപ്രായപ്പെട്ടു.

Advertisement