അവസാന ഓവർ എറിയാൻ ബ്രാവോ ഫിറ്റ് ആയിരുന്നില്ല : മഹേന്ദ്ര സിംഗ് ധോണി

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവർ എറിയാൻ ബ്രാവോ ഫിറ്റ് ആയിരുന്നില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ ബ്രാവോക്ക് പകരം സ്പിന്നർ രവീന്ദ്ര ജഡേജയാണ് പന്തെറിഞ്ഞത്. അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയിക്കാൻ ഒരു ഓവറിൽ 17 റൺസ് വേണ്ടിയിരുന്നെങ്കിലും ജഡേജ എറിഞ്ഞ അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേൽ മൂന്ന് സിക്സുകൾ അടിച്ച് ഡൽഹി ക്യാപിറ്റൽസിന് വിജയം നേടികൊടുക്കുകയായിരുന്നു.

മത്സരത്തിൽ 5 പന്തിൽ നിന്ന് 21 റൺസ് നേടിയ അക്‌സർ പട്ടേലാണ് ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വിജയം തട്ടിയെടുത്തത്. ബ്രാവോക്ക് ഒരു ഓവർ ബാക്കി ഉണ്ടായിട്ടും രവീന്ദ്ര ജഡേജ അവസാന ഓവർ എറിയാൻ എത്തിയത് എല്ലാവരിലും ആശ്ചര്യം ഉളവാക്കിയിരുന്നു. തുടർന്നാണ് പ്രതികരണവുമായി ധോണി രംഗത്തെത്തിയത്. ബ്രാവോയുടെ അഭാവത്തിൽ കാൻ ശർമ്മയും രവീന്ദ്ര ജഡേജയുമാണ് ബൗൾ ചെയ്യാൻ ഉണ്ടായിരുന്നതെന്നും രവീന്ദ്ര ജഡേജയെക്കൊണ്ട് ബൗൾ ചെയ്യിക്കാൻ തീരുമാനിച്ചെന്നും ധോണി പറഞ്ഞു. ആദ്യ മൂന്ന് ഓവർ എറിഞ്ഞ ബ്രാവോ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

മത്സരം ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും ബ്രാവോക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരങ്ങളിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

Previous articleറൊണാൾഡോ ഇല്ലാത്ത യുവന്റസിന് സമനില
Next article“അക്സർ പട്ടേലെന്ന ഓൾറൗണ്ടർ ഡെൽഹിക്ക് മുതൽക്കൂട്ടായി”