പാറ്റ് കമ്മിന്‍സില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കുവാനാകുന്നു – കമലേഷ് നാഗര്‍കോടി

Kamlesh Nagarkoti
- Advertisement -

പാറ്റ് കമ്മിന്‍സിനെ പോലുള്ള ഒരു സൂപ്പര്‍ താരം ഡ്രസ്സിംഗ് റൂമിലുള്ളത് തങ്ങളെ പോലുള്ള യുവ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടി. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടീമിലെ യുവ പേസര്‍മാരായ ശിവം മാവിയും കമലേഷ് നാഗര്‍കോടിയും മികച്ച ബൗളിംഗാണ് പുറത്തെടുത്തത്.

ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. കമലേഷ് ആകട്ടെ ജോഫ്ര ആര്‍ച്ചറെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ച് ഉള്‍പ്പെടെ ഫീല്‍ഡിലും മികച്ച് നിന്നു. തനിക്ക് അവസരം തന്നതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി അറിയിച്ച താരം രാഹുല്‍ ദ്രാവിഡ്, അഭിഷേക് നായര്‍ എന്നിവരുടെ സേവനങ്ങള്‍ക്കും നന്ദി പറഞ്ഞു.

താന്‍ ബൗള്‍ചെയ്യാനെത്തിയപ്പോള്‍ സ്ഥിതിഗതികള്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമായിരുന്നതിനാല്‍ സമ്മര്‍ദ്ദം തനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നും കമലേഷ് വ്യക്തമാക്കി. പാറ്റ് കമ്മിന്‍സില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങളെല്ലാം താന്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും യുവ താരം അഭിപ്രായപ്പെട്ടു.

Advertisement