യുഎഇയില്‍ റണ്‍സ് സ്കോറിംഗ് എളുപ്പമാവില്ല, കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കാം – ആര്‍സിബി കോച്ച്

- Advertisement -

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോലെ റണ്‍സ് ഒഴുകുന്ന പിച്ചുകളല്ല യുഎഇയിലേത് എന്നതിനാല്‍ തന്നെ ഐപിഎല്‍ 2020ല്‍ ടീം ഘടനയില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ദുബായിയില്‍ നടന്ന മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടി20യിലെ ശരാശരി സ്കോറുകള്‍ ദുബായിയില്‍ 150ഉം ഷാര്‍ജ്ജയില്‍ 152 റണ്‍സുമാണ്. അതേ സമയം ഐപിഎല്‍ 2019ലെ ബാറ്റിംഗ് ശരാശരി 169 റണ്‍സും ബെംഗളൂരുവില്‍ അത് 180 റണ്‍സുമായിരുന്നു.

ഐപിഎലിലെ പോലെ തന്നെ യുഎഇയിലെ വേദികളിലെയും മത്സരങ്ങളുടെ മുഴുവന്‍ ഡേറ്റയും എടുത്ത് അതിനനുസരിച്ചുള്ള നീങ്ങളാവും നടത്തുകയെന്നും സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കി. ടീമിന്റെ ടോപ് ഓര്‍ഡര്‍ അതിശക്തമാണെങ്കിലും വലിയ വെല്ലുവിളി നേരിടാന്‍ പോകുന്നത് മികച്ചൊരു മധ്യനിരയെ വാര്‍ത്തെടുക്കുന്നതിലാകുമെന്നാണ് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കിയത്.

കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള സാധ്യതയും ടീം ആലോചിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ ടീമിന്റെ വൈവിധ്യമാര്‍ന്ന താര നിര ടീമിനെ ഏത് സാഹചര്യത്തിനുമുള്ള തയ്യാറെടുപ്പ് നടത്തുവാന്‍ പോന്നതാണെന്നും കാറ്റിച്ച് വ്യക്തമാക്കി.

Advertisement